News - 2024

ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനവും മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണവും ഇന്ന്

സ്വന്തം ലേഖകന്‍ 07-01-2018 - Sunday

ഹൈദരാബാദ്: ഇന്ത്യയിൽ സീറോ മലബാർ സഭയ്ക്ക് നിലവിൽ രൂപതകൾ ഇല്ലാത്ത മറ്റ് മുഴുവൻ പ്രദേശങ്ങളും ഉൾക്കൊള്ളിച്ചു രൂപീകരിച്ച ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനവും മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണവും ഇന്നു നടക്കും. ബാലാപൂരിലെ സാന്തോം നഗറില്‍ (സികെആര്‍ ആന്‍ഡ് കെടിആര്‍ കണ്‍വന്‍ഷന്‍ സെന്റര്‍) രാവിലെ ഒമ്പതിന് ആരംഭിക്കുന്ന തിരുക്കര്‍മങ്ങളില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനാകും.

വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം സെക്രട്ടറി റവ. ഡോ. സിറിള്‍ വാസില്‍ എസ്‌ജെ, ഹൈദരാബാദ് ആര്‍ച്ച്ബിഷപ് ഡോ. തുമ്മ ബാല എന്നിവര്‍ സഹകാര്‍മികരാകും. സ്ഥാനാരോഹണത്തിനുശേഷം ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സന്ദേശം നല്‍കും. തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് ഷംഷാബാദ്.

2014 മുതൽ ഇന്ത്യയിൽ സീറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുമ്പോഴാണ് മാർ തട്ടിലിന് പുതിയ നിയോഗം ലഭിച്ചത്. ഒക്ടോബര്‍ പത്താം തീയതിയാണ് ഷംഷാബാദും തമിഴ്‌നാട്ടിലെ ഹൊസൂരും കേന്ദ്രീകരിച്ചു സീറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപതകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് വത്തിക്കാന്‍ പുറത്തിറക്കിയത്.


Related Articles »