News - 2025

അള്‍ജീരിയന്‍ സന്യാസിമാര്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്

സ്വന്തം ലേഖകന്‍ 07-01-2018 - Sunday

അല്‍ജിയേഴ്സ്: 1990-കളില്‍ ഇസ്ലാമിക മതമൗലീക വാദികളാല്‍ കൊലചെയ്യപ്പെട്ട ബിഷപ്പിനേയും 7 ട്രാപ്പിസ്റ്റ് സന്യാസിമാരേയും വിശ്വാസികളായ 11 പേരേയും ഉടനെ രക്തസാക്ഷികളായി അംഗീകരിക്കും. ഈ മാസത്തില്‍ തന്നെ അവരെ വാഴ്ത്തപ്പെട്ട രക്തസാക്ഷികളാക്കുന്നതിനു വേണ്ട പ്രമാണങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ട്രാപ്പിസ്റ്റ് വൈദികനായ ഫാ. തോമസ്‌ ജോര്‍ജിയോണ്‍ ‘മോണ്ടോ ഇ മിസ്സിയോണേ’ എന്ന വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അള്‍ജീരിയയില്‍ 1992-ല്‍ ആരംഭിച്ച കലാപം പത്തുവര്‍ഷക്കാലത്തോളമാണ് നീണ്ടു നിന്നത്.

1993നും 1996നും ഇടക്ക് കൊലചെയ്യപ്പെട്ടവരാണ് 19 രക്തസാക്ഷികളും. ഒരാന്‍ രൂപതയിലെ മെത്രാനായ പിയരെ ലൂസിയന്‍ ക്ലാവെറി തന്റെ ഡ്രൈവര്‍ക്കൊപ്പം ബോംബാക്രമണത്തിലാണ് കൊലചെയ്യപ്പെട്ടത്. തീവ്രവാദ സംഘടനയായ അല്‍ക്വയ്ദയാല്‍ പരിശീലനം ലഭിച്ച മുസ്ലീം തീവ്രവാദ സംഘം തിബിരിന്‍ ആശ്രമത്തിലെ 7 ട്രാപ്പിസ്റ്റ് സന്യാസിമാരെ അവരുടെ ആശ്രമത്തില്‍ നിന്നും തട്ടിക്കൊണ്ട് പോയി ശിരസ്സറുത്ത് കൊലപ്പെടുത്തുകയായിരിന്നു.

അള്‍ജീരിയയില്‍ തുടര്‍ന്നാല്‍ കൊല്ലപ്പെടുമെന്ന് തിബിരിനിലെ സന്യാസിമാര്‍ക്കറിയാമായിരുന്നു. ഈ സത്യത്തെ മനസ്സിലാക്കിയാണ് അവര്‍ രാജ്യത്തു തുടര്‍ന്നത്. ആശ്രമത്തിന്റെ പ്രിയോറായിരുന്ന ഫാദര്‍ ക്രിസ്റ്റ്യന്‍ ഡി ചെര്‍ജെ താന്‍ കൊല്ലപ്പെടുന്നതിനു മൂന്ന്‍ വര്‍ഷം മുന്‍പ്‌ എഴുതിയ കത്തില്‍ താനും മറ്റുള്ള സന്യാസിമാരും സ്വമനസ്സാലേ അള്‍ജീരിയയിലെ ജനങ്ങള്‍ക്ക് വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ തയ്യാറാണെന്ന്‍ എഴുതിയിരുന്നു. മുസ്ലീം തീവ്രവാദികള്‍ ക്രിസ്ത്യന്‍ മിഷ്ണറിമാരെ ലക്ഷ്യം വെക്കുന്നുണ്ടായിരിന്നെങ്കിലും ഇസ്ലാം മതസ്ഥരും ക്രിസ്ത്യന്‍ മിഷ്ണറിമാരും വളരെ സൗഹാര്‍ദ്ദപൂര്‍വ്വമാണ് അള്‍ജീരിയയില്‍ കഴിഞ്ഞു വന്നിരുന്നത്.

മുസ്ലീം-ക്രിസ്ത്യന്‍ സൗഹാര്‍ദ്ദത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രശസ്തനായിരുന്നു കൊലചെയ്യപ്പെട്ട ക്ലാവെരി മെത്രാന്‍. നേരത്തെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ക്ലാവെരി മെത്രാന്റെ രക്തസാക്ഷിത്വക്കുറിച്ച് പറഞ്ഞത്‌ “സ്നേഹത്തിന്റെ വിത്തും, പ്രതീക്ഷയുടെ കാരണവും” എന്നാണ്. 2010-ലെ കാന്‍സ്‌ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ്‌ പ്രൈസ്‌ നേടിയ ‘ഓഫ് ഗോഡ്സ് ആന്‍ഡ്‌ മെന്‍’ എന്ന ചിത്രം രക്തസാക്ഷിത്വം വരിച്ച ഈ സന്യാസിമാരുടെ ജീവിതത്തെ ചൂണ്ടിക്കാട്ടിയായിരിന്നു.


Related Articles »