India

മാര്‍ ദിവന്നാസിയോസിന്റെ മൃതസംസ്ക്കാരം ഇന്ന്

സ്വന്തം ലേഖകന്‍ 18-01-2018 - Thursday

തിരുവല്ല: കഴിഞ്ഞ ദിവസം ദിവംഗതനായ മലങ്കര കത്തോലിക്കാ സഭയുടെ പുത്തൂര്‍, ബത്തേരി രൂപതകളുടെ മുന്‍ അധ്യക്ഷന്‍ ബിഷപ്പ് ഡോ.ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ മൃതസംസ്ക്കാരം ഇന്നു തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ നടക്കും. ഇന്നു രാവിലെ എട്ടിന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ സഭയിലെ മറ്റു മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരാകും. ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് വചനസന്ദേശം നല്‍കും. 11ന് കബറടക്ക ശുശ്രൂഷയുടെ ആറാംക്രമവും 12.30ന് ഭൗതികശരീരം പേടകത്തില്‍ നിന്നിറക്കി പുത്തൂര്‍ രൂപതാധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസിന്റെ കാര്‍മികത്വത്തില്‍ ഏഴാം ക്രമവും നടക്കും.

കബറടക്ക ശുശ്രൂഷയുടെ അവസാനക്രമം ഉച്ചകഴിഞ്ഞ് രണ്ടിന് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ ആരംഭിക്കും. മലങ്കര സഭയിലെയും സഹോദര സഭകളിലെയും ബിഷപ്പുമാര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരാകും. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം അജഗണത്തോടും സഹോദര മെത്രാപ്പോലീത്തമാരോടും വൈദികരോടും ദേവാലയത്തോടും വിശുദ്ധ മദ്ബഹയോടും ബലിപീഠത്തോടുമെല്ലാം വിടചൊല്ലി മെത്രാപ്പോലീത്തയുടെ ഭൗതികശരീരം കബറിലേക്കിറക്കും.

അതേസമയം പ്രിയ പിതാവിനു ആദരാഞ്ജലി അര്‍പ്പിച്ചുക്കൊണ്ട് ആയിരങ്ങളാണ് എപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് സെന്റ് ജോണ്‍സ്, മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ എത്തിയ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഭൗതികശരീരത്തിനരികില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.


Related Articles »