News - 2025
ഡോ. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ സംസ്ക്കാരം വ്യാഴാഴ്ച
സ്വന്തം ലേഖകന്‍ 16-01-2018 - Tuesday
തിരുവല്ല: മലങ്കര കത്തോലിക്കാ സഭ ബത്തേരി, പുത്തൂര്‍ രൂപതകളുടെ മുന്‍ അധ്യക്ഷന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് (67) കാലം ചെയ്തു. തിരുവല്ലയിലെ പുഷ്പഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ കാരണങ്ങളാല്‍ 2017 ജനുവരി 24ന് രൂപതാധ്യക്ഷ സ്ഥാനം ഒഴിഞ്ഞു തിരുവല്ല പള്ളിമലയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. കബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ നടക്കും.
ഭൗതികശരീരം ഇന്ന് വൈകുന്നേരം തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ എത്തിക്കും. ഇവിടെ പൊതുദര്‍ശനത്തിന് സൗകര്യമുണ്ടായിരിക്കും. 1950 നവംബര്‍ ഒന്നിനു തലവടി ഒറ്റത്തെങ്ങില്‍ എന്‍.എസ്. വര്‍ഗീസിന്റെയും മറിയാമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. 1956 കുടുംബം കര്‍ണാടകയിലെ സൗത്ത് കാനറയിലേക്ക് കുടിയേറി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവല്ല ഇന്‍ഫന്റ് മേരി മൈനര്‍ സെമിനാരിയില്‍ വൈദികപഠനത്തിന് ചേര്‍ന്നു. 1978 ഏപ്രില്‍ 20ന് വൈദിക പട്ടം ലഭിച്ചു.
നിലമ്പൂര്‍ ഇടവകയുടെ സഹവികാരിയായിട്ടായിരുന്നു ആദ്യ നിയമനം. 1980ല്‍ റോമിലേക്ക് ഉപരിപഠനത്തിനു പോയി. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി 1987ല്‍ തിരിച്ചെത്തി ബത്തേരി രൂപതയില്‍ സേവനം തുടര്‍ന്നു. 1990ല്‍ മേജര്‍ സെമിനാരി റെക്ടറായി. സിറില്‍ ബസേലിയോസ് കാതോലിക്കാ ബാവയുടെ ദേഹവിയോഗത്തേ തുടര്‍ന്ന് മലങ്കരസഭയുടെ അഡ്മിനിസ്‌ട്രേറ്ററായും പ്രവര്‍ത്തിച്ചു.
കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ സഭയുടെ തലവനും പിതാവുമായി തെരഞ്ഞെടുത്ത് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന സുനഹദോസിലാണ്. 1996 ഡിസംബര്‍ 18ന് ബത്തേരി രൂപതയുടെ രണ്ടാമത്തെ ബിഷപ്പായും 2010 ജനുവരി 25ന് പുത്തൂര്‍ രൂപതയുടെ പ്രഥമ ബിഷപ്പായും തിരഞ്ഞെടുക്കപ്പെടുകയായിരിന്നു. ബിഷപ്പിന്റെ വിയോഗത്തില്‍ രാഷ്ട്രീയ മത സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.