India - 2024

അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിയത് പതിനായിരങ്ങള്‍

സ്വന്തം ലേഖകന്‍ 21-01-2018 - Sunday

ചേര്‍ത്തല: വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ദിനമായിരുന്ന ഇന്നലെ ചരിത്ര പ്രസിദ്ധമായ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ എത്തിയത് പതിനായിരങ്ങള്‍. രാവിലെ 11നു നടന്ന ആഘോഷമായ ദിവ്യബലിക്കു തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസ് രാജപ്പനും ഉച്ചകഴിഞ്ഞു മൂന്നിനു നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു മോണ്‍.പയസ് ആറാട്ടുകുളവും മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ബസിലിക്കയുടെ പ്രധാന കവാടത്തിനു സമീപം പൊതുദര്‍ശനത്തിനായി നല്‍കിയിരിന്ന വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം ആരംഭിച്ചു.

തേരിന്റെ ആകൃതിയിലുള്ള രൂപക്കൂട്ടില്‍ സ്ഥാപിച്ചിട്ടുള്ള തിരുസ്വരൂപം പള്ളിയില്‍നിന്നു പുറത്തേക്കെടുത്തത് ആചാരവെടികള്‍ മുഴങ്ങിയതോടെയാണ്. വിശുദ്ധന്റെ തിരുസ്വരൂപം ദേവാലയത്തിനു പുറത്തേക്കെത്തിയ സമയത്ത് ആകാശത്തു പരുന്തുകള്‍ വട്ടമിട്ടു പറന്നു. ഫാ.തോമസ് ഷൈജു ചിറയില്‍ ചടങ്ങുകള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. ബസലിക്ക റെക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ എം. അര്‍ഥശേരിലും സഹവൈദികരും നേതൃത്വം നല്കി.

ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ഇടവകയിലെ സ്‌നേഹസമൂഹങ്ങളുടെ പതാകകളുമേന്തിയവരും പിന്നില്‍ നേര്‍ച്ചയായി നൂറുകണക്കിനു മുത്തുക്കുടകളുമേന്തിയ ഭക്തരും അണിനിരന്നു. ഏറ്റവും പിന്നിലായി അദ്ഭുത തിരുസ്വരൂപവും തിരുശേഷിപ്പുമായി കാര്‍മികരും. കുരിശടിചുറ്റി പ്രദക്ഷിണം തിരികെ പള്ളിയിലെത്താന്‍ രണ്ടു മണിക്കൂറിലേറെ സമയമാണ് എടുത്തത്. തിരുനാള്‍ ദിനമായ ഇന്നലെ വന്‍തിരക്കാണ് ദേവാലയത്തില്‍ അനുഭവപ്പെട്ടത്. രാവിലെ മുതല്‍ അര്‍ത്തുങ്കലിലേക്കു പതിനായിരങ്ങളുടെ പ്രവാഹമായിരിന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യബസുകളും പ്രത്യേക സര്‍വീസുകള്‍ ഒരുക്കിയിരിന്നു.


Related Articles »