India - 2024

'കെരിഗ്മ 2018' മതാധ്യാപക കണ്‍വെന്‍ഷന്‍ നടന്നു

സ്വന്തം ലേഖകന്‍ 28-01-2018 - Sunday

ചങ്ങനാശേരി: അതിരൂപത മതബോധനകേന്ദ്രമായ സന്ദേശനിലയത്തിന്റെ വജ്രജൂബിലിയുടെ ആഘോഷങ്ങളുടെ ഭാഗമായുള്ള മതാധ്യാപക കണ്‍വെന്‍ഷന്‍ എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടന്നു. കെരിഗ്മ 2018 എന്ന പേരിലാണ് സംഗമം നടന്നത്. സീറോമലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലാണ് സംഗമം ഉദ്ഘാടനം ചെയ്തത്. മതാധ്യാപകര്‍ വിദ്യാര്‍ഥികളുടെ മനസുകളില്‍ സ്‌നേഹസാന്നിധ്യമാകണമെന്നു അദ്ദേഹം പറഞ്ഞു. സന്ദേശനിലയം ഡയറക്ടര്‍ റവ.ഡോ.ജോബി കറുകപ്പറന്പില്‍ അധ്യക്ഷതവഹിച്ചു. മെത്രാപ്പോലീത്തന്‍ പളളി വികാരി ഫാ. കുര്യന്‍ പുത്തന്‍പുര പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജോസി പൊക്കാവരയത്ത്, എസിസി കണ്‍വീനര്‍ ഡോ.രാജന്‍ കെ.അന്പൂരി എന്നിവര്‍ പ്രസംഗിച്ചു. സീറോമലബാര്‍ സിനഡല്‍ കാറ്റകെറ്റിക്കല്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജിമ്മി പൂച്ചക്കാട്ട് ക്ലാസ് നയിച്ചു. ഉച്ചകഴിഞ്ഞു നടന്ന സമാപന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കി. അതിരൂപതാ മതബോധനകേന്ദ്രമായ സന്ദേശനിലയത്തിന്റെ പ്രഥമ ഡയറക്ടറായിരുന്ന ഫാ.മാത്യു നടക്കലിന്റെ സ്മരണാര്‍ഥം മതാധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളുടെ സമ്മാനദാനവും നടന്നു.


Related Articles »