India

ബോണക്കാട്‌ കുരിശുമലയിൽ പ്രാര്‍ത്ഥന നടത്തി

സ്വന്തം ലേഖകന്‍ 03-02-2018 - Saturday

തിരുവനന്തപുരം: ബോണക്കാട്‌ കുരിശുമലയിൽ മാസാദ്യ വെളളിയാഴ്ച പ്രാര്‍ത്ഥനയുമായി വിശ്വാസികളുടെ സംഘം. വട്ടപ്പാറ സഹവികാരി ഫാ. രതീഷ്‌ മാർക്കോസിന്റെ നേതൃത്വത്തിലുള്ള ചെറു സംഘമാണ്‌ ഇന്നലെ കുരിശുമലയിൽ എത്തിയത്‌. വനം മന്ത്രി കെ. രാജുവിനെ രൂപതാ നേതൃത്വം നേരിൽ കണ്ട്‌ നൂറുപേരടങ്ങുന്ന സംഘം കുരിശുമലയിലേക്ക്‌ പോകുമെന്ന്‌ അറിയിച്ചെങ്കിലും ചെറു സംഘമായി പോകണമെന്ന അഭ്യർത്ഥനയെ തുടർന്ന്‌ പത്ത്‌ പേരടങ്ങുന്ന സംഘമായി ചുരുക്കിയാണ്‌ വിശ്വാസികൾ പ്രാർത്ഥനക്കെത്തിയത്‌.

ഇന്നലെ രാവിലെ തേവിയോട്‌ ദൈവപരിപാലന ദേവാലയത്തിൽ കുരിശുമലയിലേക്ക്‌ പോകാനായി വിവിധ ഇടവകകളിൽ നിന്നായി 200 ലധികം വിശ്വാസികൾ എത്തിച്ചേർന്നെങ്കിലും കുരിശുമല റെക്‌ടർ ഫാ. ഡെന്നിസ്‌ മണ്ണുരിന്റെ അഭ്യർത്ഥനയെ തുടർന്ന്‌ കുരിശുമലയിലേക്ക്‌ പോകാൻ ഫാ. രതീഷ്‌ മാർക്കോസിന്റെ നേതൃത്വത്തില്‍ 10 പേരടങ്ങുന്ന സംഘത്തെ മാത്രം ക്രമീകരിക്കുകയായിരുന്നു. കാണിത്തടം ചെക്‌പോസ്റ്റിൽ പേരുകൾ രേഖപ്പെടുത്തിയാണ്‌ വിശ്വാസികളെ വനം വകുപ്പ്‌ കടത്തി വിട്ടത്‌. ബോണക്കാട്‌ നിന്ന്‌ കുരിശുമല വരെയുളള വഴിയിൽ 14 കുരിശുകൾ സ്‌ഥാപിച്ചിരുന്ന സ്‌ഥലങ്ങളിൽ കുരിശിന്റെ വഴി പ്രാർത്ഥന നടത്തിയാണ്‌ വിശ്വാസികൾ കുരിശുമലയിലെത്തിയത്‌.

ബോണക്കാട് കുരിശ് മല: നാം അറിഞ്ഞിരിക്കേണ്ട യാഥാര്‍ത്ഥ്യങ്ങളിലേക്ക്

കഴിഞ്ഞ 60 വർഷമായി മുടങ്ങാതെ നടന്നു വരുന്ന പ്രാർത്ഥനകൾ 6 മാസമായി മുടങ്ങിയതിൽ രൂപതക്ക് വലിയ വേദനയുണ്ടാക്കിയിരുന്നുവെന്നും പ്രാർത്ഥനകൾ പുന:രാരംഭിക്കാൻ വനം മന്ത്രിയും വനം വകുപ്പും സൗകര്യമാരുക്കിയത്‌ സ്വാഗതാർഹമാണെന്നും നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ. വിൻസെന്റ്‌ സാമുവൽ പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്രം കുരിശുമലയിൽ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം മാസാദ്യ വെളളി പ്രാർത്ഥനക്ക്‌ സംഘമായെത്തി കുരിശുമലയിലേക്ക്‌ പോകാൻ ശ്രമിച്ച വിശ്വാസികളെയും വൈദികരെയും കാണിത്തടം ചെക്‌പോസ്റ്റിലും വിതുര കലുങ്ക്‌ ജംഗ്‌ഷനിലും പോലീസ്‌ തല്ലിചതച്ചിരുന്നു.


Related Articles »