News
ക്രൈസ്തവ പീഡനത്തിന്റെ പ്രതീകാർത്ഥം കൊളോസിയം രക്തവർണ്ണമാകും
സ്വന്തം ലേഖകന്‍ 08-02-2018 - Thursday
റോം: ആഗോളതലത്തില്‍ ക്രൈസ്തവർ നേരിടുന്ന മത പീഡനങ്ങളുടെ തീവ്രതയിലേക്ക് ലോകശ്രദ്ധയാകർഷിക്കാൻ റോമിലെ കൊളോസിയം രക്തവർണമാകും. ഫെബ്രുവരി 24 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്, ക്രിസ്തീയ വിശ്വാസ സാക്ഷ്യമായി മരണമടഞ്ഞവരുടെ സ്മരണാർത്ഥമാണ് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡിന്റെ ആഭിമുഖ്യത്തിൽ ചുവപ്പ് ദീപം തെളിയിക്കുന്നത്. അന്നേ ദിവസം സിറിയയിലെ ആലപ്പോ സെന്‍റ് ഏലിയ മാരോണൈറ്റ് കത്തീഡ്രലും ഇറാഖിലെ മൊസൂൾ സെന്‍റ് പോൾ ദേവാലയവും സമാന രീതിയിൽ പ്രകാശിപ്പിക്കും.
കൊളോസിയം ചുവന്ന പ്രകാശപൂരിതമാക്കുന്നതിന് രണ്ട് ലക്ഷ്യങ്ങളുണ്ടെന്ന് എസിഎന്‍ ഡയറക്ടർ അലക്സാഡ്രോ മോണ്ടിഡ്യൂറോ വ്യക്തമാക്കി. മതനിന്ദാ കുറ്റം ആരോപിച്ച് പാക്കിസ്ഥാനില്‍ വധശിക്ഷ കാത്തു കഴിയുന്ന ആസിയ ബീബിയും ഗര്‍ഭിണിയായിരിക്കെ ബോക്കൊഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ റബേക്ക എന്ന യുവതി നേരിട്ട അതിക്രമങ്ങളും ലോകത്തിന് മുന്നില്‍ എടുത്തുകാണിക്കുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശിശുവിനെ നഷ്ടപ്പെട്ട റബേക്ക തീവ്രവാദികളാൽ നിരവധി ആക്രമണങ്ങളാല്‍ വേദനയനുഭവിച്ചെങ്കിലും അവര്‍ തീവ്രവാദികളോട് ക്ഷമിക്കുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിൽ തന്നെ ഏറ്റവുമധികം അടിച്ചമർത്തപ്പെട്ട സമൂഹമായി ക്രൈസ്തവർ മാറിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ വർഷം എയിഡ് ടു ചർച്ച് ഇൻ നീഡ് പ്രസിദ്ധീകരിച്ചിരിന്നു. മൂന്നു ലക്ഷത്തോളം ക്രൈസ്തവർ താമസിച്ചിരുന്ന ഇറാഖിൽ നിന്നും പകുതിയോളം പേർ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ പലായനം ചെയ്തതായി കണക്കുകൾ. സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ ക്രൈസ്തവര്‍ക്ക് നേരെ ഐഎസ് തീവ്രവാദികള്‍ നടത്തിയത് നരഹത്യയാണെന്ന്‍ സംഘടനയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു.
പന്ത്രണ്ട് ലക്ഷത്തോളം ക്രൈസ്തവരുണ്ടായിരുന്ന സിറിയയിൽ ഇപ്പോൾ പകുതിയോളം വിശ്വാസികൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് കൽദായ ബിഷപ്പ് അടുത്തിടെ വെളിപ്പെടുത്തിയിരിന്നു. ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിൽ ചൈന, എറിത്രിയ, ഇറാഖ്, നൈജീരിയ, വടക്കൻ കൊറിയ, പാക്കിസ്ഥാൻ, സൗദി അറേബ്യ, സുഡാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളാണ്.
ഈജിപ്ത്, ഇന്ത്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളും തൊട്ട് പുറകിലുണ്ട്. തുർക്കിയിലും മത പീഡനം ശക്തമാണെന്നാണ് റിപ്പോർട്ട്. ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ നിരന്തരമായ ഇടപെടലാണ് മദ്ധ്യ കിഴക്കൻ രാജ്യങ്ങളിൽ ക്രൈസ്തവരുടെ നിലനിൽപ്പിന് സഹായിച്ചത്. ക്രൈസ്തവ നരഹത്യയ്ക്കെതിരെ പാശ്ചാത്യ ഭരണകൂടവും യു.എൻ പ്രതിനിധികളും കാര്യമായ നടപടി ഇതുവരെ എടുത്തിട്ടില്ല.
കൊളോസിയത്തിൽ ആവിഷ്കരിച്ചിരിക്കുന്ന ചുവപ്പ് പ്രകാശ ഉദ്യമത്തിലൂടെ ലോകനേതാക്കളുടെ ശ്രദ്ധയാകര്‍ഷിച്ച് മത പീഡനമെന്ന സാമൂഹ്യ വിപത്തിന് പരിഹാരം കണ്ടെത്തുകയാണ് 'എയിഡ് ടു ചർച്ച് ഇൻ നീഡ്' ന്ന പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലണ്ടൻ പാര്‍ലമെന്‍റ്, പാരിസ് തിരുഹൃദയ കത്തോലിക്ക ദേവാലയം, ഫിലിപ്പീൻസിലെ മനില കത്തീഡ്രൽ ദേവാലയം എന്നിവ ചുവന്ന പ്രകാശത്താല്‍ അലങ്കരിച്ചിരിന്നു.