News - 2025
മഹത്തായ രാഷ്ട്രമാകണമെങ്കില്‍ ദൈവവിശ്വാസം കൂടിയേ തീരൂ: ഡൊണാള്‍ഡ് ട്രംപ്
സ്വന്തം ലേഖകന്‍ 09-02-2018 - Friday
വാഷിംഗ്‌ടണ്‍ ഡിസി: മഹത്തായ രാഷ്ട്രമാകണമെങ്കില്‍ അമേരിക്കക്ക് ദൈവവിശ്വാസം കൂടിയേ തീരൂവെന്നു പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. 66-ാമത് ‘നാഷ്ണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ്’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ട്രംപ് അമേരിക്കയുടെ ദൈവവിശ്വാസത്തിന്റെ ആവശ്യകതയെക്കുറിച്ച് എടുത്തുപറഞ്ഞത്. ഇന്നലെയായിരുന്നു വാഷിംഗ്‌ടണ്‍ ഡിസി യില്‍ 'നാഷ്ണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ്' നടന്നത്. അമേരിക്കന്‍ ജനത തങ്ങളുടെ വിശാസത്തെ കുറിച്ച് തുറന്നുപറയുവാന്‍ കഴിവുള്ളവരാകുമ്പോള്‍, തങ്ങളുടെ മക്കളെ ശരിയെന്തെന്ന് പഠിപ്പിക്കുവാന്‍ കഴിവുള്ളവരാകുമ്പോള്‍, കുടുംബങ്ങളും, സമൂഹവും അഭിവൃദ്ധിപ്പെടുകയും രാഷ്ട്രം എല്ലാം നേടുകയും ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
നമ്മുടെ കണ്ണുകള്‍ ദൈവ മഹത്വത്തിനു നേരെ തുറന്നു പിടിച്ചിരിക്കുന്ന കാലത്തോളം, നമ്മുടെ ഹൃദയങ്ങള്‍ ദൈവസ്നേഹത്തിലേക്ക് തുറന്നിരിക്കുന്നിടത്തോളം അമേരിക്ക എക്കാലവും, സ്വാതന്ത്ര്യത്തിന്റെ നാടും, ധീരതയുടെ ഭവനവും സകല രാജ്യങ്ങള്‍ക്കുള്ള പ്രകാശവുമായിരിക്കും. നമ്മുടെ ചരിത്രത്തിലുടനീളം നമ്മള്‍ ദൈവത്തിന്റെ കാരുണ്യം കണ്ടുകഴിഞ്ഞു. 'ദൈവത്തില്‍ നമ്മള്‍ വിശ്വസിക്കുന്നു' എന്ന മുദ്രാവാക്യം അമേരിക്കന്‍ ഡോളര്‍ നോട്ടിലും, 'ദൈവത്തിന് കീഴില്‍' എന്നത് രാഷ്ട്രത്തോടുള്ള പ്രതിജ്ഞയിലും ചേര്‍ത്തിരിക്കുന്നു. നമ്മുടെ അവകാശങ്ങള്‍ മനുഷ്യര്‍ നമുക്ക് നല്‍കിയതല്ല.
മറിച്ച് നമ്മുടെ സൃഷ്ടാവില്‍ നിന്നും വന്നതാണ്. ഭൂമിയിലെ ഒരു ശക്തിക്കും അത് ഇല്ലാതാക്കുവാന്‍ കഴിയുകയില്ല. അതുകൊണ്ടാണ് വാഷിംഗ്‌ടണ്‍ സ്മാരകത്തിന്റെ മുകളില്‍ 'ദൈവത്തിനു സ്തുതിയുണ്ടായിരിക്കട്ടെ' എന്ന് ചേര്‍ത്തിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. സഭാ സമ്മേളനങ്ങള്‍ക്കിടയില്‍ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് പ്രാതലിനൊപ്പം പ്രാര്‍ത്ഥന നടത്തുക പതിവായിരുന്നു.
ഈ ആചാരത്തിന്റെ തുടര്‍ച്ചയാണ് ‘നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ്' എന്ന പരിപാടി. നിരവധി കോണ്‍ഗ്രസ് അംഗങ്ങള്‍, ലോക നേതാക്കള്‍, മത നേതാക്കള്‍ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. ഇല്ലിനോയിസിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി റാന്‍ഡി ഹള്‍ട്ട്ഗ്രെന്‍, ഫ്ലോറിഡയിലെ ഡെമോക്രാറ്റിക് പ്രതിനിധി ചാര്‍ളി ക്രിസ്റ്റ് തുടങ്ങിയവര്‍ ഇത്തവണത്തെ നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റിന്റെ സഹ അദ്ധ്യക്ഷന്‍മാരായിരുന്നു.