News - 2025
ഇറാഖി ക്രൈസ്തവർക്ക് രണ്ടായിരം ഭവനങ്ങൾ പുനര്‍നിർമ്മിക്കും
സ്വന്തം ലേഖകന്‍ 14-02-2018 - Wednesday
ബാഗ്ദാദ്: ഇസ്ലാമിക തീവ്രവാദ ആക്രമണങ്ങളെ തുടര്‍ന്നു പരമ്പരാഗത ഭൂമിയിൽ നിന്നും കുടിയിറക്കപ്പെട്ട ഇറാഖി ക്രൈസ്തവർക്കു പുതിയ പ്രതീക്ഷ സമ്മാനിച്ചുകൊണ്ട് സന്നദ്ധ സംഘടനയായ 'എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ്'. വിവിധ സഭകളുടെ സഹകരണത്തോടെ ക്രൈസ്തവര്‍ക്ക് രണ്ടായിരം വീടുകൾ പുനര്‍നിര്‍മ്മിക്കുവാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. നിനവേ പ്രവിശ്യയിലാണ് നിര്‍മ്മാണം നടക്കുക. ക്വാരഘോഷിൽ ആയിരത്തിയഞ്ഞൂറ് വീടുകളും ബാർടെല്ല, ബാഷിക്വ, ബഹ്സാനി എന്നിവടങ്ങളിൽ അഞ്ഞൂറ് ഭവനങ്ങളും പുനര്‍നിര്‍മ്മിക്കുവാന്‍ അഞ്ച് മില്ല്യൺ യു.എസ് ഡോളറാണ് സംഘടന വകയിരുത്തിയിരിക്കുന്നത്.
ഇറാഖിലെ കുർദിഷ് തലസ്ഥാനമായ ഇർബിൽ സന്ദർശിച്ച 'എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ്' അന്താരാഷ്ട്ര എക്സിക്യൂട്ടീവ് പ്രസിഡന്‍റ് ബാരൺ ജോഹന്നാസ് വോൺ ഹീരമാനാണ് അടിയന്തിര സഹായം അനുവദിച്ചത്. സ്വന്തം രാജ്യത്ത് താമസിക്കുവാൻ അവസരം ലഭിക്കാത്ത പക്ഷം അഭയാർത്ഥികളായി തീരുന്ന ഇറാഖി ജനതയുടെ ഭാവിയെ കരുതിയാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മുപ്പത്തിയഞ്ച് ശതമാനത്തോളം വരുന്ന ഇറാഖി ക്രൈസ്തവർ സ്വദേശത്തേക്ക് മടങ്ങിയെത്തിയതായി സംഘടനയുടെ മദ്ധ്യ കിഴക്കൻ പ്രോജക്റ്റ് തലവൻ ഫാ. ആഡ്രൂസ് ഹലേമ്ബ വെളിപ്പെടുത്തി.
2003 ൽ പത്ത് ലക്ഷത്തോളം ക്രൈസ്തവരുണ്ടായിരുന്ന ഇറാഖിൽ ഇന്ന് രണ്ടര ലക്ഷമാണ് ക്രൈസ്തവ ജനസംഖ്യ. കൽദായ, ഓർത്തഡോക്സ്, കത്തോലിക്ക സഭകളുടെ ആഭിമുഖ്യത്തിൽ നിനവേ പുനരുദ്ധാരണ കമ്മിറ്റിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാന്‍ പിടിക്കുന്നത്. മൂവായിരത്തോളം ഭവനങ്ങൾ ക്രൈസ്തവ സഭകളുടെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഇതിനോടകം നിർമ്മിച്ചു നല്കിയിട്ടുണ്ട്. 2014-മുതല്‍ നാൽപ്പത് മില്യൺ യു.എസ് ഡോളറിന്റെ പ്രവർത്തനങ്ങളാണ് 'എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ്' ഇറാഖില്‍ ഇതുവരെ നടപ്പിലാക്കിയത്.