News - 2024

റഷ്യയിലെ ക്രൈസ്തവ വിശ്വാസികളെ കൊന്നൊടുക്കുവാന്‍ ഐ‌എസ് ആഹ്വാനം

സ്വന്തം ലേഖകന്‍ 24-02-2018 - Saturday

മോസ്കോ: റഷ്യയിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളായ ചെച്നിയ, ഇന്‍ഗുഷേട്ടിയ, ദഗസ്ഥാന്‍ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നു ക്രൈസ്തവരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുവാന്‍ അനുയായികളോട് ആഹ്വാനം ചെയ്തുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദി സംഘടന. തീവ്രവാദി സംഘടനകളുടെ ഓണ്‍ലൈനിലൂടെയുള്ള ആശയവിനിമയങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്ക ആസ്ഥാനമായ സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്‌. “സ്ട്രൈക്ക് ദെയര്‍ നെക്ക്സ് ആന്‍ഡ്‌ സ്ട്രൈക്ക് ഈച്ച് വണ്‍ ഓഫ് ദെയര്‍ സണ്‍സ്’ തലക്കെട്ടോടെ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട കത്തിലാണ് ആഹ്വാനമുള്ളത്.

ഇക്കഴിഞ്ഞ പതിനെട്ടാം തീയതി റഷ്യയിലെ ദഗസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഓർത്തഡോക്സ് ദേവാലയത്തിനു നേരെ നടത്തിയ ആക്രമണത്തിന് സമാനമായ ആക്രമണങ്ങളാണ് നടത്തേണ്ടതെന്ന്‍ കത്തില്‍ ആഹ്വാനം ചെയ്യുന്നു. അന്നു നടത്തിയ ആക്രമണത്തില്‍ 5 സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തു. കോക്കസസിലേയും, മധ്യേഷ്യയിലേയും മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ റഷ്യ പിടിമുറുക്കി പ്രദേശത്തെ ഇസ്ലാം മതസ്ഥരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേര്‍ത്തുവെന്നാണ് തീവ്രവാദികള്‍ ആരോപിക്കുന്നത്.

അല്ലാഹു അനുവദിക്കുകയാണെങ്കില്‍ വലിയതോതില്‍ ക്രിസ്ത്യാനികളെ നശിപ്പിക്കും വിധമുള്ള രക്തരൂഷിതമായ ആക്രമണങ്ങള്‍ക്കു ദഗസ്ഥാന്‍ പ്രചോദനമായി തീരും. എതിര്‍ക്കുന്ന ക്രിസ്ത്യാനികളും അവരുടെ പണവും നമുക്കുള്ളതാണ്, അവരെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യത്തിനും, മുസ്ലീം തടവുപുള്ളികള്‍ക്കും പകരമായി വിലപേശുന്നതും അനുവദനീയമാണ്. അവിശ്വാസികള്‍ക്കുള്ള ശിക്ഷയാണ് കൊലപാതകമെന്നും കത്തില്‍ പറയുന്നു. സിറിയയില്‍ ഐ‌എസിനെതിരെ ശക്തമായ പോരാടികൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് റഷ്യ. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ ഭീഷണിയുമായി ഐ‌എസ് രംഗത്തെത്തിയിരിക്കുന്നത്.


Related Articles »