India - 2025
വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് ചെങ്ങളം തീർത്ഥാടന കേന്ദ്രത്തില്‍
സ്വന്തം ലേഖകന്‍ 10-03-2018 - Saturday
ചെങ്ങളം; ഇറ്റലിയിലെ പാദുവയിൽ നിന്നും എത്തിച്ച വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് ചെങ്ങളം സെന്റ് ആന്റണിസ് തീർത്ഥാടന കേന്ദ്രത്തിൽ പരസ്യ വണക്കത്തിനായി പ്രതിഷ്‌ഠിച്ചു. കഴിഞ്ഞ ദിവസം പാലായിൽ നിന്നും ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു പ്രദിക്ഷണമായാണ് വിശുദ്ധന്റെ തിരുശേഷിപ്പ് ചെങ്ങളത്തു എത്തിച്ചത്. ഫാ. മാത്യു പുതുമന, ഫാ ജോൺ പൊരുന്നോലിൽ, ഫാ ജസ്റ്റിൻ പനച്ചിക്കൽ, ഫാ . അലക്‌സാൻഡ്രോ റാത്തി, ഫാ സ്റ്റീഫൻ ഒല്ലേത്താഴത്തു, ഫാ. ലിയോ പയ്യപ്പള്ളി പ്രൊവിൻഷ്യൽ തുടങ്ങിയവരും തിരുശേഷിപ്പ് സ്വീകരണത്തിന് നേതൃത്വം നൽകി. തുടർന്ന് ചെങ്ങളം ദേവാലയത്തിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ ജസ്റ്റിൻ പഴേപറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
പ്രശസ്ത തിരക്കഥാകൃത്തു ജോൺ പോൾ അടക്കമുള്ള പ്രമുഖർ തിരുശേഷിപ്പ് വണങ്ങുവാനായി എത്തി. രാത്രി വൈകിയും നൂറുകണക്കിന് തീർത്ഥാടകർ ആണ് വിശുദ്ധ അന്തോണീസിന്റെ മാദ്ധ്യസ്ഥം തേടി ചെങ്ങളം ദേവാലയത്തിലേക്ക് എത്തിയത്. വിവിധ സമയങ്ങളില്‍ വിശുദ്ധ കുർബാന നടക്കും. തുടർച്ചയായി വിശുദ്ധന്റെ നൊവേനയും ഉണ്ടായിരിക്കും. ഇന്ന്‍ ഉച്ചയ്ക്ക് രണ്ടു മണി മുതൽ കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള ആന്റണി നാമധാരികളുടെ സംഗമം നടക്കും. തുടർന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടക്കും. നാളെ രാവിലെ പത്തു മണി വരെ തിരുശേപ്പിപ്പു വണങ്ങുവാന്‍ അവസരമുണ്ടെന്ന് ദേവാലയ നേതൃത്വം അറിയിച്ചു.
