India - 2025
വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് ഇന്ന് എറണാകുളത്ത് എത്തിക്കും
സ്വന്തം ലേഖകന് 16-02-2017 - Thursday
കൊച്ചി: പാദുവായിൽ നിന്ന് എത്തിച്ച വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലേക്ക് ഇന്ന് കൊണ്ട് വരും. വൈകുന്നേരം 5.45ന് ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ നേതൃത്വത്തിൽ വികാരി ഫാ. ജോസ് പുതിയേടത്തും വൈദികരും സിസ്റ്റർമാരും ഇടവകാംഗങ്ങളും ചേർന്ന് തിരുശേഷിപ്പ് സ്വീകരിക്കും.
തുടർന്ന് തിരുശേഷിപ്പ് പൊതുവണക്കത്തിനായി പള്ളിയിൽ പ്രതിഷ്ഠിക്കും. വിശുദ്ധനോടുള്ള മധ്യസ്ഥപ്രാർഥനയും വിശുദ്ധ ബലിയുമുണ്ടായിരിക്കും. രാത്രി ഒന്പത് വരെ തിരുശേഷിപ്പ് വണങ്ങാൻ വിശ്വാസികൾക്ക് സൗകര്യമുണ്ടായിരിക്കും. 17ന് തലശേരി കത്തീഡ്രലിലും 18ന് കാസർകോഡ് നാട്ടക്കൽ ഫ്രാൻസിസ്കൻ ആശ്രമത്തിലും 20ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഇടുക്കി രൂപത കത്തീഡ്രലിലും തിരുശേഷിപ്പ് എത്തിക്കും.
21ന് ദിവസം മുഴുവൻ കട്ടപ്പന വാഴവര സെന്റ് പോൾസ് ഫ്രാൻസിസ്കൻ ആശ്രമത്തിൽ പരസ്യവണക്കത്തിനായി തിരുശേഷിപ്പ് ഉണ്ടായിരിക്കും. 23ന് ഉച്ചകഴിഞ്ഞ് ആലുവ കോൾബെ ഫ്രാൻസിസ്കൻ ആശ്രമത്തിലും 24ന് തിരികെ കറുകുറ്റി ശാന്തികേന്ദ്ര ആശ്രമത്തിലും തിരുശേഷിപ്പ് എത്തിക്കും. 26ന് രാവിലെ ഏഴു മുതൽ 10 വരെ ഇരിങ്ങാലക്കുട കത്തീഡ്രലിലും തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു ചോറ്റി നിർമലാരം ഫ്രാൻസിസ്കൻ ആശ്രമത്തിലും തിരുശേഷിപ്പ് എത്തിക്കും.