Worship - 2024
ആദ്യവെള്ളിയാഴ്ചയും മറ്റും ഈശോമിശിഹായുടെ ദിവ്യഹൃദയത്തിന് കാഴ്ചകൊടുക്കുന്ന ജപം.
നിത്യാരാധന പ്രാർത്ഥനകൾ 08-07-2015 - Wednesday
അനവരതകാലം മാലാഖമാരുടെയും മനുഷ്യരുടേയും പരമമായ ആരാധനയ്ക്ക് പാത്രമായിരിക്കുന്ന ഈശോമിശിഹായുടെ ദിവ്യഹൃദയമേ! സകല വരപ്രസാദവും ഒഴുകുന്ന ഉറവയേ! സകല ഹൃദയങ്ങളേയും ഭരിക്കുന്നതിന് ഏറ്റവും യോഗ്യനായ രാജാവേ! എന്‍റെ ഹൃദയത്തേയും അതിലുള്ള ആഗ്രഹം, അഭിപ്രായം മുതലായ എല്ലാം അങ്ങേയ്ക്കു മുഴുവന്‍ ഇതാ ഞാന്‍ കാഴ്ച വയ്ക്കുന്നു.
സ്നേഹത്തിനു വിഷയമായിരിക്കുന്ന ഈശോയെ! എന്‍റെ രക്ഷകനായ കര്‍ത്താവേ! എന്‍റെ രക്ഷകനായ കര്‍ത്താവേ! എന്‍റെ ഹൃദയത്തില്‍ എഴുന്നള്ളിവരിക. ഉടയവനേ! ഇതില്‍ രാജ്യഭാരം ചെയ്ത് അങ്ങേയ്ക്കു ചേരാത്ത ദുര്‍ഗുണങ്ങളെ നിര്‍മൂലമാക്കുക. കുറവുകളൊക്കെയും തീര്‍ത്തുകൊള്ളുക. എന്‍റെ ഹൃദയം എന്‍റെ രക്ഷകനായിരിക്കുന്ന അങ്ങേ പേരില്‍ അത്യന്തം ഭക്തിയായിരിപ്പാന്‍ അനുഗ്രഹം ചെയ്തരുളുക.
മധുരമായ സല്‍ഗുണവും, മാറാത്ത ക്ഷമയും, അനന്തമായ എളിമയും, ത്യാഗ സന്നദ്ധതയും, അങ്ങേയ്ക്കിഷ്ടമുള്ള സല്‍കൃത്യങ്ങള്‍ ചെയ്യുവാനുള്ള അഭിലാഷവും, അതിനു വേണ്ട ശക്തിയും തന്നരുളേണമേ. അങ്ങുതന്നെ സകല കാര്യങ്ങളിലും എനിക്ക് തുണയായിരിക്കുക. ദു:ഖാനര്‍ത്ഥങ്ങളില്‍ ആശ്വാസവും കൃപയും ചൊരിയുക.
അങ്ങേ വിലമതിയാത്ത തിരുരക്തത്തിന്‍റെ യോഗ്യതയെക്കുറിച്ച് അങ്ങേ തിരുമുമ്പില്‍ മഹാതീക്ഷണതയോടെ ഇപ്രകാരം അപേക്ഷിച്ചുകൊള്ളുന്നു. അങ്ങേ ദിവ്യസ്നേഹാഗ്നിയെ എന്‍റെ ഹൃദയത്തില്‍ ജ്വലിപ്പിച്ചരുളേണമേ. കൂടാതെയും എന്‍റെ നാമം അങ്ങേ തിരുഹൃദയത്തില്‍ എഴുതിവച്ച്, അത്യന്ത ദയയോടുകൂടെ എന്നെ പരിപാലിച്ചുകൊള്ളണമേ. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ.
എന്‍റെ പ്രിയമുള്ള ഈശോമിശിഹായേ! ഈ ലോകത്തില്‍ എനിക്കുള്ള വസ്തുക്കളില്‍ വച്ച് എന്‍റെ മനസ്സുമാത്രമേ എനിക്കു സ്വന്തമായിട്ടുള്ളു. എനിക്കുള്ള വസ്തുവകകള്‍ സകലവും എന്‍റെ ജീവന്‍ പോലും ഞാന്‍ സമ്മതിക്കാഞ്ഞാലും മറ്റുള്ളവര്‍ക്കു നശിപ്പിക്കാന്‍ കഴിയും എന്നാല്‍ എന്‍റെ മനസ്സ് എന്‍റെ ഹൃദയം-ഞാന്‍ സമ്മതിക്കാഞ്ഞാല്‍ ആര്‍ക്കും നശിപ്പിക്കുന്നതിനും അപഹരിക്കുന്നതിനും കഴിയുന്നതല്ല.
അതിനാല്‍ എനിക്കു സ്വന്തമായിരിക്കുന്ന എന്‍റെ മനസ്സിനെ അങ്ങേയ്ക്കു പൂര്‍ണ്ണമായി കാഴ്ച വയ്ക്കുന്നു. എന്‍റെ ദുര്‍ഗുണത്താല്‍ ഇതിനെ അങ്ങേപ്പക്കല്‍ നിന്നും പിന്‍തിരിക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചാലും അങ്ങ് അതിനു അനുവദിക്കരുതേ, എന്‍റെ ഹൃദയത്തെ അങ്ങേ അധീനതയില്‍ കാത്തുകൊള്ളേണമേ. ഇത് അങ്ങ തിരുഹൃദയത്തിനു യോഗ്യമായതും പ്രിയപ്പെട്ടതുമായിരിപ്പാന്‍ തക്കവണ്ണം വിശേഷ കൃപ ചെയ്തുരുളേണമേ.
ആമ്മേനീശോ.
Source: നിത്യാരാധന പ്രാർത്ഥനകൾ