India - 2025

തിരുശേഷിപ്പില്‍ പുതുജീവിതം ലഭിച്ച ക്രിസ്റ്റഫര്‍

സ്വന്തം ലേഖകന്‍ 23-03-2018 - Friday

തൃശൂര്‍: ഏറെ പ്രതീക്ഷയോടെ കാത്തിരിന്ന മൂന്നാമത്തെ മകന്റെ ജനനം പെരിഞ്ചേരി ചൂണ്ടല്‍ വീട്ടില്‍ ജോഷിയും ഷിബിയുടെയും ജീവിതത്തെ സംബന്ധിച്ചിടത്തോളം വലിയ വിശ്വാസപരീക്ഷണത്തിന്റെ സമയമായിരിന്നു. അമല ആശുപത്രിയില്‍ മാസം തികയുംമുന്‌പേ ജനിച്ച കുഞ്ഞിനു ശ്വാസകോശത്തിനും ഹൃദയത്തിനും ഗുരുതരമായ തകരാറുണ്ടെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്ന നിരീക്ഷണത്തിലേക്കാണ് അത് കൊണ്ട് ചെന്ന്‍ എത്തിച്ചത്. ജനിച്ച അന്നു മുതല്‍ കുഞ്ഞ് ഐസിയുവിലായിരുന്നുവെങ്കിലും പ്രതീക്ഷ കൈവിടാന്‍, വിശ്വാസം കൈവിടാന്‍ ജോഷിയും ഷിബിയും കുടുംബാംഗങ്ങളും തയാറായിരിന്നില്ല.

വര്‍ഷങ്ങള്‍ക്കു മുന്പ് അമ്മയുടെ സഹോദരി സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫ് സമ്മാനിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ തിരുശേഷിപ്പ് അവരുടെ ഭവനത്തില്‍ ഉണ്ടായിരിന്നു. അവര്‍ വിശ്വാസത്തോടെ തിരുശേഷിപ്പ് ആശുപത്രിയിലെ ഐസിയുവില്‍ കിടക്കുന്ന മകന്റെ കിടക്കയുടെ താഴെ വച്ചു. ശക്തമായി പ്രാര്‍ത്ഥിച്ചു. തുടര്‍ന്നു വലിയ അത്ഭുതം സംഭവിക്കുകയായിരിന്നു. രണ്ടാം ദിവസം മുതല്‍ രോഗസൗഖ്യം കുഞ്ഞിൽ പ്രകടമായി കണ്ടുതുടങ്ങി. അടഞ്ഞ നിലയിലായിരുന്ന ശ്വാസകോശം തുറന്നു. ശ്വാസോച്ഛാസം സാധ്യമായി. തുടര്‍ന്നു പൂര്‍ണമായ സൌഖ്യത്തിലേക്ക് ആ കുഞ്ഞ് കടന്നു വരികയായിരിന്നു. കുഞ്ഞിനു സംഭവിച്ച പെട്ടെന്നുള്ള മാറ്റം വലിയ അദ്ഭുതമാണെന്ന്‍ കുട്ടിയെ പരിശോധിച്ച ഡോ. ശ്രീനിവാസന്‍ അന്നു തങ്ങളോടു പറഞ്ഞതായി ഇലക്ട്രീഷ്യനായ ജോഷി സ്മരിക്കുന്നു.

അദ്ഭുത രോഗശാന്തി ലഭിച്ച വിവരം തൃശൂര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ അറിയിച്ചതിനെ തുടര്‍ന്നു മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നിര്‍ദേശപ്രകാരം വിദഗ്ധ മെഡിക്കല്‍ സംഘം നാലു വര്‍ഷം മുന്പാണ് മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി വത്തിക്കാന്റെ സ്ഥിരീകരണത്തിനായി സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ഇത് വത്തിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിക്കുകയായിരിന്നു. കുഞ്ഞിനു ക്രിസ്റ്റഫര്‍ എന്ന പേരാണ് ആ മാതാപിതാക്കള്‍ നല്കിയത്. ഇപ്പോള്‍ പെരിഞ്ചേരി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാമ്മ വാങ്ങിത്തന്ന അദ്ഭുത രോഗശാന്തിയാണു ക്രിസ്റ്റഫറിന്റെ ജീവിതമെന്ന്‍ ജോഷി വീണ്ടും വീണ്ടും സാക്ഷ്യപ്പെടുത്തുന്നു.


Related Articles »