News - 2025

80 വര്‍ഷത്തിനു ശേഷം ഓസ്ട്രേലിയന്‍ സഭയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് അനുമതി

സ്വന്തം ലേഖകന്‍ 24-03-2018 - Saturday

സിഡ്നി: എണ്‍പത് വര്‍ഷത്തിന് ശേഷം ആദ്യമായി ഓസ്ട്രേലിയന്‍ സഭയിലെ മെത്രാന്‍മാരും വൈദികരും അല്‍മായരും സന്യസ്തരും ഒത്തൊരുമിച്ചുള്ള സമ്പൂര്‍ണ്ണ സമ്മേളനത്തിന് ഫ്രാന്‍സിസ് പാപ്പയുടെ അനുമതി. കത്തോലിക്ക വിശ്വാസികളുടെ ഏറ്റവുമധികം ജനപങ്കാളിത്തമുള്ളതും ശ്രദ്ധേയവുമായ ദേശീയ സംഗമമായിരിക്കും 2020-ല്‍ നടക്കാന്‍ പോകുന്നതെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ ചെയര്‍മാനും ബ്രിസ്ബെയിന്‍ അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോള്‍റിഡ്ജ് പ്രസ്താവനയില്‍ പറഞ്ഞു. ഓസ്ടേലിയന്‍ സഭ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലഘട്ടത്തില്‍ ആത്മീയമായും സാമൂഹികമായും സാംസ്ക്കാരികമായും സഭയെ കാലികമായി നവീകരിക്കാന്‍ സമ്പൂര്‍ണ്ണ സംഗമം സഹായിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് കോള്‍റിഡ്ജ് പ്രത്യാശ പ്രകടിപ്പിച്ചു.

2020-ല്‍ നടക്കാന്‍ പോകുന്ന സമ്പൂര്‍ണ്ണസംഗമത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം പെന്തക്കൂസ്താ തിരുനാളില്‍ത്തന്നെ ആരംഭിക്കുമെന്ന് കമ്മിഷന്‍ സെക്രട്ടറി ടേര്‍വി കോളിന്‍സ് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. “ദൈവാരൂപിയുടെ പ്രചോദനങ്ങള്‍ക്ക് കാതോര്‍ക്കാം” എന്നതാണ് സംഗമത്തിന്റെ ആപ്തവാക്യം. പ്ലീനറി കൌണ്‍സിലിന് ഒരുങ്ങുന്നതിനും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനും plenarycouncil.catholic.org.au എന്ന വെബ്സൈറ്റ് ദേശീയ മെത്രാന്‍ സമിതി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പ്ലീനറി സമ്മേളനത്തില്‍ എടുക്കുന്ന ഓരോ തീരുമാനവും വത്തിക്കാന്റെ അനുമതിയോടെ മാത്രമേ പ്രാബല്യത്തില്‍ വരികയുള്ളൂ.


Related Articles »