News - 2025
പാക്കിസ്ഥാനില്‍ ക്രൈസ്തവ ദമ്പതികളെ ചുട്ടെരിച്ച സംഭവം: പ്രതികളെ വെറുതെ വിട്ടു
സ്വന്തം ലേഖകന്‍ 26-03-2018 - Monday
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ ക്രൈസ്തവ ദമ്പതിമാരെ വ്യാജ മതനിന്ദാകുറ്റത്തിന്റെ പേരില്‍ ചുട്ടുകരിച്ചു കൊലപ്പെടുത്തിയ കേസില്‍, 20 പ്രതികളെ ഭീകരവിരുദ്ധ കോടതി വെറുതെ വിട്ടു. പ്രതികള്‍ക്ക് എതിരേയുള്ള ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്നാണ് കോടതി പറയുന്നത്. 2014-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇസ്ലാം മതഗ്രന്ഥമായ ഖുറാന്റെ പേജുകള്‍ കത്തിച്ചുവെന്ന് ആരോപിച്ചാണ് ഷഹ്‌സാദ് മശീഹ്, ഷാമാ ബിബി എന്നീ നിരക്ഷരരായ ക്രൈസ്തവ ദമ്പതികളെ ജനകൂട്ടം മര്‍ദിച്ച് അവശരാക്കിയ ശേഷം ഇഷ്ടിക ചൂളയില്‍ ചുട്ടുകരിച്ചത്.
പഞ്ചാബ് പ്രവിശ്യയിലെ കൊട് രാധാകൃഷ്ണ എന്ന ചെറു നഗരത്തിലാണ് ക്രൈസ്തവ ദമ്പതിമാര്‍ താമസിച്ചിരുന്നത്. ചപ്പുചവറുകള്‍ കൂട്ടിയിട്ടു തീയിട്ടതിന്റെ കൂടെ, ഖുറാന്റെ താളുകളും ദമ്പതികള്‍ കത്തിച്ച് നശിപ്പിച്ചുവെന്നതാണ് ഇവര്‍ക്കെതിരേ ജനകൂട്ടം ആരോപിച്ച കുറ്റം. ഒരു പ്രാദേശിക മതനേതാവാണ് ദമ്പതികള്‍ക്ക് എതിരേ ജനക്കൂട്ടത്തെ ഇളക്കിവിട്ടത്. ഈ കേസില്‍ 2016ല്‍ മറ്റൊരു കോടതി അഞ്ചുപേരെ വധശിക്ഷയ്ക്കുവിധിച്ചിരുന്നു. ക്രൈസ്തവ ദമ്പതിമാരെ ചുട്ടുകൊന്ന സംഭവത്തിന് ശേഷം കൊട് രാധാകൃഷ്ണയില്‍ താമസിച്ചിരുന്ന നിരവധി ക്രൈസ്തവര്‍ ആക്രമണം ഭയന്ന് പ്രദേശത്തു നിന്നും താമസം മാറിയിരുന്നു.