News

സഹനത്തിന്റെ താഴ്‌വരയില്‍ ഓശാന പാടി ഇറാഖി ജനത

സ്വന്തം ലേഖകന്‍ 27-03-2018 - Tuesday

നിനവേ: സഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വേട്ടയാടിയപ്പോഴും യേശുവിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ച ഇറാഖി ജനത വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഓശാന ഒരുമിച്ച് പാടി. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളതൊട്ടില്‍ എന്നറിയപ്പെടുന്ന ഇറാഖിലെ നിനവേയിലെ ക്വാരഖോഷിലെ ക്രിസ്ത്യാനികള്‍ നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഓശാന ഞായര്‍ ആഘോഷിച്ചത്. കുരുത്തോലകളും, ഒലിവ് ശിഖരങ്ങളും കൈകളില്‍ പിടിച്ചുകൊണ്ട് ആയിരകണക്കിന് ക്രിസ്ത്യാനികളാണ് ക്വാരകോഷിന്റെ തെരുവീഥികളിലൂടെ രാജാധി രാജനായ യേശുവിന് ഓശാന പാടി തങ്ങളുടെ ക്രൈസ്തവ വിശ്വാസം പ്രഘോഷിച്ചത്. കുരുത്തോല വഹിച്ചുകൊണ്ടുള്ള പ്രദിക്ഷിണം ക്വാരകോഷിലെ സെന്റ്‌ ജോണ്‍സ് ദേവാലയാങ്കണത്തിലായിരുന്നു അവസാനിച്ചത്. പ്രദിക്ഷിണത്തിനു ശേഷം ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു.

2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തോടെയാണ് നിനവേ മേഖലയില്‍ നിന്നും ക്രിസ്ത്യാനികള്‍ പലായനം ചെയ്തത്. തീവ്രവാദികളില്‍ നിന്നും നഗരം മോചിപ്പിക്കപ്പെട്ടതിനു ശേഷം തിരിച്ചു വന്ന ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഒന്നുചേര്‍ന്നു ഓശാന ആഘോഷിച്ചപ്പോള്‍ അത് അവര്‍ക്കു തങ്ങളുടെ ഓര്‍മ്മകളുടെ വീണ്ടെടുപ്പിന്റെ അനുഭവമായിരിന്നു. സ്വന്തം നഗരത്തില്‍ വീണ്ടും ഒരു ഓശാന ഞായര്‍ ആഘോഷിക്കുവാന്‍ അവസരം ലഭിച്ചതില്‍ ദൈവത്തിന് നന്ദി പറയുന്നതായി ക്വാരകോഷിലെ ക്രിസ്ത്യാനികള്‍ ഒന്നടങ്കം പറഞ്ഞു.

ഭവനരഹിതരായി, ഇവിടേക്ക് തിരിച്ചുവരുവാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലായെന്നും തങ്ങള്‍ ഇവിടെ നില്‍ക്കുന്നത് യേശു ക്രിസ്തു കാരണമാണെന്നും ആന്‍ഡ്രാസ് എന്ന യുവ അദ്ധ്യാപകന്‍ ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിനോട് പറഞ്ഞു. ഐ‌എസ് ആക്രമണത്തിന് മുന്‍പ് കുരുത്തോല തിരുനാള്‍ ക്വാരകോഷിലെ വലിയൊരു ആഘോഷമായിരുന്നുവെന്നും ദൂരസ്ഥലങ്ങളില്‍ നിന്നും പോലും ക്രിസ്ത്യാനികള്‍ ഓശാന ഞായറിലെ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ഇവിടെയെത്തുമായിരിന്നുവെന്നും ക്രൈസ്തവര്‍ വെളിപ്പെടുത്തി. ഭൌതീകമായതെല്ലാം എല്ലാം നഷ്ട്ടപ്പെട്ട എന്നാല്‍ ആധ്യാത്മികമായി ഏറ്റവും ഉയര്‍ന്ന നിലയിലുള്ള വിശ്വാസഗണമാണ് ഇന്നു ഇറാഖി ജനത. പ്രാര്‍ത്ഥനയോടെ ഉയിര്‍പ്പ് തിരുനാളിനായുള്ള ഒരുക്കത്തിലാണ് ഈ സമൂഹം.


Related Articles »