News - 2025

എല്‍ സാല്‍വദോറില്‍ വൈദികന്‍ വെടിയേറ്റു കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 04-04-2018 - Wednesday

സാന്‍ സാല്‍വദോര്‍: മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറില്‍ പെസഹാ തിരുനാള്‍ ദിവസം തിരുകര്‍മ്മങ്ങള്‍ക്ക് ദേവാലയത്തിലേക്ക് പോകുകയായിരിന്ന വൈദികന്‍ വെടിയേറ്റ് മരിച്ചു. ഫാ. വാള്‍ട്ടര്‍ ഓസ്മിര്‍ വാസ്ക്യൂസ് ജിമിനെസ് എന്ന യുവ വൈദികനാണ് കൊല്ലപ്പെട്ടത്. പെസഹാ വ്യാഴാഴ്ച വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുവാന്‍ പോകവേ ലോലോടിക് നഗരത്തിനു സമീപമുള്ള റോഡില്‍ വെച്ചാണ് അദ്ദേഹത്തിനു വെടിയേറ്റത്. സാന്‍റിയാഗോ ഡെ മരിയ രൂപതയിലെ മേഴ്സിഡസ് ഉമാനയിലെ ഔര്‍ ലേഡി ഓഫ് മേഴ്സി ഇടവകയിലെ വികാരിയായി സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം.

ലോലോടിക്കിലെ മോസ്റ്റ്‌ ഹോളി ട്രിനിറ്റി ഇടവക ദേവാലയത്തിലെ വിശുദ്ധവാര കര്‍മ്മങ്ങള്‍ക്കായി ഒരാഴ്ചത്തേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടിരിന്നു. ഇതിനായി ദേവാലയത്തിലേക്ക് പോകുമ്പോഴാണ് അക്രമം നടന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, ഗുണ്ടാ സംഘങ്ങള്‍ വിലസുന്ന മേഖലകളില്‍ ഫാ. വാള്‍ട്ടര്‍ നടത്തുന്ന പ്രേഷിത പ്രവര്‍ത്തനങ്ങളും, പ്രദേശവാസികള്‍ക്ക് നല്‍കുന്ന സംരക്ഷണവും മാഫിയാ സംഘങ്ങളുടെ വൈരാഗ്യത്തിനു കാരണമായിട്ടുണ്ടാകാം എന്നാണ് ‘എല്‍ അവെന്നൈര്‍’ എന്ന ഇറ്റാലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വൈദികന്‍റെ മരണവാര്‍ത്തയില്‍ ദുഃഖമുണ്ടെന്നും കുടുംബത്തിന്റേയും സാന്റിയാഗോ ഡെ മരിയ രൂപതയുടേയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സാന്‍ സാല്‍വദോര്‍ അതിരൂപത പുറത്തുവിട്ട അനുശോചന കുറിപ്പില്‍ പറയുന്നു. ഏപ്രില്‍ 1-ന് നടന്ന മൃതസംസ്ക്കാര ശുശ്രൂഷകളില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. കര്‍ദ്ദിനാള്‍ ഗ്രിഗോറിയോ റോസാ ചാവെസ് അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. അതേസമയം കൊലപാതകം നടത്തിയ പ്രതിയെ ഇതുവരെ പോലീസ് കണ്ടുപിടിച്ചിട്ടില്ല.


Related Articles »