News - 2025
ബുർക്കിന ഫാസോയില്‍ ഭീകരാക്രമണങ്ങൾ തുടര്‍ക്കഥ; പ്രാർത്ഥന യാചിച്ച് വൈദികന്‍
പ്രവാചകശബ്ദം 15-11-2024 - Friday
ഔഗാഡൗഗു: കിഴക്കൻ ബുർക്കിന ഫാസോയില്‍ വേരൂന്നിയ തീവ്രവാദ ആക്രമണങ്ങള്‍ക്കിടെ പ്രാർത്ഥന യാചിച്ച് വൈദികന്‍. ഫാദ എൻ ഗൗർമ രൂപത പരിധിയില്‍ നിരവധി തീവ്രവാദി ആക്രമണങ്ങള്‍ അനുദിനം നടക്കുന്ന പശ്ചാത്തലത്തിലാണ് പേര് വെളിപ്പെടുത്താത്ത ഒരു വൈദികന്‍ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടനയിലൂടെ പ്രാര്‍ത്ഥന യാചിച്ച് രംഗത്ത് വന്നിരിക്കുന്നത്. പിയേലയിലെയും സാറ്റെങ്കയിലെയും ഇടവക പരിധിയില്‍ നടന്ന ആക്രമണങ്ങള്‍ നിരവധി പേരുടെ മരണത്തിന് കാരണമായെന്നും ആക്രമണങ്ങൾ പെരുകുന്ന പശ്ചാത്തലത്തില്‍ എല്ലാവരുടെയും ശക്തമായ പ്രാർത്ഥന യാചിക്കുകയാണെന്നും വൈദികന്‍ പറഞ്ഞു.
ഒക്‌ടോബർ ആദ്യ വാരത്തില്‍ രൂപതയിലെ മാന്നിയിൽ ഭീകരർ നടത്തിയ ആക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒക്‌ടോബർ 20ന്, തെക്കു കിഴക്കൻ ഫാദ എൻ ഗൗർമയിലെ സാറ്റെംഗ ഇടവക ഉള്‍പ്പെടുന്ന രണ്ട് ഗ്രാമങ്ങളായ സിയേലയും കോംബെംഗോയും നൂറോളം ഭീകരരുടെ നേതൃത്വത്തിലാണ് ആക്രമിച്ചത്. ഞായറാഴ്ച പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. 2015 മുതൽ രാജ്യം ഭീകരാക്രമണ ഭീഷണിയിലാണ് കഴിയുന്നതെന്നും വൈദികന്‍ വെളിപ്പെടുത്തി. ക്രൈസ്തവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഭീഷണി ഭയന്ന് ഓരോ ദിവസവും തള്ളിനീക്കുന്നത്.
ആഫ്രിക്കയില്‍ ഇസ്ലാമിക തീവ്രവാദം ഏറ്റവും അധികം ബാധിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബുര്‍ക്കിനാ ഫാസോ. കഴിഞ്ഞ വര്‍ഷം പെന്തക്കുസ്ത തിരുനാളിനോടു അനുബന്ധിച്ച് നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും, അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2023-ലെ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട് പ്രകാരം 13 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ബുര്‍ക്കിനാഫാസോ. 2019 ലെ സെൻസസ് പ്രകാരം, രാജ്യത്തെ ആകെ ജനസംഖ്യയുടെ 63.8 ശതമാനം മുസ്ലീങ്ങളും 26.2 ശതമാനം ക്രൈസ്തവ വിശ്വാസികളുമാണ്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟