News - 2025

ഭാരതത്തിൽ ഉടനീളം സൗജന്യ ചികിത്സ നൽകുന്നത് ആയിരത്തിലധികം കന്യാസ്ത്രീ ഡോക്ടർമാർ

സ്വന്തം ലേഖകന്‍ 11-04-2018 - Wednesday

ബോംബെ: ആരോഗ്യ പരിപാലനം വലിയ കച്ചവടമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭാരതത്തില്‍ ഉടനീളം സൗജന്യ ചികിത്സയുമായി നിര്‍ധനര്‍ക്ക് ഇടയില്‍ സേവനം ചെയ്യുന്നത് ആയിരത്തിലധികം കന്യാസ്ത്രീ ഡോക്ടർമാർ. പാവങ്ങളുടേയും സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവരുടേയും ആരാലും ശ്രദ്ധിക്കപ്പെടാത്തവരുടെയും ഇടയിലാണ് ക്രിസ്തു പഠിപ്പിച്ച കരുണയുടെ മാതൃക ഇവർ പ്രഘോഷിക്കുന്നത്. ‘സിസ്റ്റര്‍ ഡോക്ടേഴ്സ് ഫോറം ഓഫ് ഇന്ത്യ” (SDFI) എന്ന സംഘടനയില്‍ അംഗങ്ങളും, മെഡിക്കല്‍ രംഗത്ത് ഉന്നത വിദ്യാഭ്യാസവും, പ്രാവീണ്യവും നേടിയിട്ടുള്ള കന്യാസ്ത്രീമാരാണ് ഈ നിശബ്ദ സേവനത്തിന്റെ പിന്നില്‍. 104-ഓളം വിവിധ സന്യാസിനീ സഭകളില്‍ അംഗങ്ങളായിട്ടുള്ളവരാണ് ഈ ഡോക്ടര്‍മാരായ കന്യാസ്ത്രീകൾ.

ഗൈനക്കോളജി, പീഡിയാട്രിക്സ്‌, സര്‍ജറി എന്നീ മേഖലകളിലാണ് ഡോക്ടര്‍മാരില്‍ ഭൂരിഭാഗം പേരും പ്രാവീണ്യം നേടിയിരിക്കുന്നത്. പണം ആവശ്യപ്പെടാതെയുള്ള കന്യാസ്ത്രീമാരുടെ നിസ്തുലമായ സൗജന്യ സേവനം മൂലം നിരവധി അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും ജീവനാണ് ഇതിനോടകം രക്ഷിക്കപ്പെട്ടത്. ചികിത്സാ രംഗത്തെ സാങ്കേതിക വിദ്യകളും, ആധുനിക സൗകര്യങ്ങളും ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലും, ഒറ്റപ്പെട്ട വിദൂര സ്ഥലങ്ങളിലും ഈ കന്യാസ്ത്രീമാര്‍ സൗജന്യമായി ചികിത്സിക്കുകയും, അവരുടെ ആരോഗ്യകാര്യങ്ങളില്‍

ശ്രദ്ധിക്കുകയും ചെയ്തു വരുന്നുവെന്ന് SDFI-യുടെ പ്രസിഡന്റും മുംബൈയിലെ ഗൈനക്കോളജിസ്റ്റുമായ സിസ്റ്റര്‍ ബീന പറയുന്നു.

സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി കച്ചവടമായി ആരോഗ്യ പരിപാലനം മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് രണ്ടുരീതിയിലുള്ള ദൗത്യമാണ് ഈ സന്യസ്ഥര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് ‘ഉര്‍സുലിന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്’ സഭാംഗം കൂടിയായ സിസ്റ്റര്‍ ബീന വെളിപ്പെടുത്തി. ഒരു കന്യാസ്ത്രീ എന്ന തങ്ങളുടെ ക്രിസ്തീയ ദൈവവിളിയോട് നീതിപുലര്‍ത്തുക, അതോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള ഡോക്ടര്‍മാര്‍ എന്ന നിലയില്‍ മെഡിക്കല്‍ രംഗത്തെ നീതിയുടെ സാക്ഷികളാവുക എന്നിവയാണ് അവ.

1993 ജൂണ്‍ 5-നു കേരളത്തില്‍ വെച്ചു നടന്ന ‘കത്തോലിക്കാ ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ’ (CHAI) യുടെ സുവര്‍ണ്ണജൂബിലിയാഘോഷത്തോടനുബന്ധിച്ച് നടത്തിയ നാഷണല്‍ കണ്‍വെന്‍ഷനില്‍ വച്ചാണ് SDFI സ്ഥാപിതമാകുന്നത്. 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആയിരത്തോളം അംഗങ്ങളുള്ള ഒരു സംഘടനയായി SDFI മാറിക്കഴിഞ്ഞു.


Related Articles »