News - 2025
റോസറി ഓൺ ദി കോസ്റ്റിനായി ബ്രിട്ടന്‍ ഒരുങ്ങുന്നു; ഇരുനൂറോളം സ്ഥലങ്ങളില്‍ ജപമാലയത്നം
സ്വന്തം ലേഖകന്‍ 12-04-2018 - Thursday
ലണ്ടൻ: ബ്രിട്ടനില്‍ 'റോസറി ഓൺ ദി കോസ്റ്റ്' ജപമാലയത്നം ഈ മാസാവസാനം നടക്കുവാനിരിക്കെ പ്രാര്‍ത്ഥനയോടെ ഇംഗ്ലീഷ് സമൂഹം ഒരുങ്ങുന്നു. ഏപ്രിൽ 29, ഞായറാഴ്ച മൂന്നു മണിക്ക് സംഘടിപ്പിക്കുന്ന ജപമാല കൂട്ടായ്മയില്‍ വിവിധ സ്ഥലങ്ങളിലായി ഒൻപത് മെത്രാന്മാരും പങ്കെടുക്കും. തീരദേശ ജപമാല യത്നം ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലായി ഇരുനൂറോളം സ്ഥലങ്ങളിലാണ് നടക്കുക. തീരപ്രദേശമായ ഗ്യുർണസി ദ്വീപിൽ നിന്നും ആരംഭിക്കുന്ന ജപമാല യജ്ഞം സ്കോട്ട്ലാന്‍റ് നോർവേ തീരമായ ഷെറ്റ്ലാന്റ് സെന്‍റ് നിനിയൻ ദ്വീപിൽ സമാപിക്കും. തിരഞ്ഞെടുത്ത ഇരുനൂറോളം പ്രദേശങ്ങളിൽ പോർട്ട്സ്മോത്തിന് ചുറ്റുമാണ് ഏറ്റവും കൂടുതൽ ജപമാല കേന്ദ്രങ്ങൾ.
പ്ലൈമോത്ത് രൂപതയില്‍ മാത്രം പതിനാറ് ജപമാല കേന്ദ്രങ്ങളുണ്ട്. ബ്രിട്ടനില്‍ വിശ്വാസത്തിനെതിരെയുള്ള ഭീഷണികളെ ചെറുക്കുവാനും ഗര്‍ഭഛിദ്ര പ്രവണത അവസാനിക്കുന്നതിനും, ലോകമാകമാനം സമാധാനം പുനസ്ഥാപിക്കപ്പെടാനുമാണ് ‘റോസറി ഓണ്‍ ദി കോസ്റ്റ്’ യത്നത്തിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നവർക്കു ഫ്രാന്‍സിസ് പാപ്പ മുന്‍കൂട്ടി ആശംസയും ആശീര്‍വ്വാദവും നല്‍കിയിട്ടുണ്ട്. ഷ്രൂസ്ബറി ബിഷപ്പ് മാർക്ക് ഡേവീസ് ന്യൂ ബ്രൈറ്റണിലും, ഗല്ലോവേ ബിഷപ്പ് വില്യം നോളൻ അയിർ ബീച്ചിലും ബിഷപ്പ് മാർക്ക് ഒ ടൂൾ പ്ലൈമോത്ത് ജപമാല കൂട്ടായ്മയിലും പങ്കെടുക്കും.
എഡിൻബർഗ്ഗ് ആർച്ച് ബിഷപ്പ് ലിയോ കുഷ്ലി, പോർട്ട്സ്മോത്ത് ബിഷപ്പ് ഫിലിപ്പ് ഇഗൻ, മെനേവിയ ബിഷപ്പ് ടോം ബൺസ്, ഹല്ലാം ബിഷപ്പ് റാൽഫ് ഹെസ്കെറ്റ്, പൈസ്ലി ബിഷപ്പ് ജോൺ കീനൻ എന്നിവരും തീരദേശ ജപമാല കൂട്ടായ്മയിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാർപാപ്പയുടേയും മെത്രാന്മാരുടേയും പിന്തുണയെ സ്വാഗതം ചെയ്യുന്നതായി സംഘാടകരിലൊരാളായ അന്റോണിയ മോഫത്ത് പറഞ്ഞു. അപ്പസ്തോലിക പിൻഗാമികളെന്ന നിലയിൽ അവരുടെ സാന്നിദ്ധ്യവും ആശീർവാദവും ആത്മീയ ഉണർവിനും പ്രാർത്ഥനയുടെ പൂര്‍ത്തീകരണത്തിനും കാരണമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു. ഭവനങ്ങളിലാണെങ്കിലും കിടപ്പു രോഗികൾക്കും പ്രാർത്ഥനയിൽ പങ്കെടുക്കാമെന്ന് മോഫത്ത് അറിയിച്ചു.
1967-ൽ പ്രാബല്യത്തിൽ വന്ന അബോർഷൻ ആക്റ്റിന്റെയും സിയന്നായിലെ വിശുദ്ധ കാതറിന്റെയും ഓർ ലേഡി ഓഫ് ഫെയ്ത്തിന്റെയും അനുസ്മരണാർത്ഥമാണ് ഏപ്രിൽ 29 ജപമാല ദിനമായി തെരഞ്ഞെടുത്തതെന്നും നാൽപത് ദിവസം നീണ്ട് നില്‍ക്കുന്ന ആത്മീയ ഒരുക്കത്തിലൂടെയും കുമ്പസാരത്തിലൂടെയും കടന്നു പോകുന്ന വിശ്വാസികളുടെ പങ്കാളിത്തമാണ് ജപമാല യജ്ഞത്തിന്റെ കരുത്തെന്നും സംഘാടകർ വ്യക്തമാക്കി. rosaryonthecoast.co.uk എന്ന വെബ്സൈറ്റിൽ ജപമാല സംഘത്തിന്റെ വിവരങ്ങൾ ലഭ്യമാണ്.