News - 2024

ബോംബിന് കീഴടക്കാനാവാത്ത വിശ്വാസവുമായി ഈജിപ്ഷ്യന്‍ ക്രൈസ്തവ സമൂഹം

സ്വന്തം ലേഖകന്‍ 14-04-2018 - Saturday

കെയ്റോ: ഇസ്ലാമിക്‌ സ്റ്റേറ്റ്സ് അടക്കമുള്ള മുസ്ലിം തീവ്രവാദ സംഘടനകള്‍ ഈജിപ്തിലെ ക്രൈസ്തവ ദേവാലയങ്ങളെ ലക്ഷ്യമിടുമ്പോഴും ബോംബിനും മരണത്തിനും കീഴടക്കാനാവാത്ത വിശ്വാസ വളര്‍ച്ചയുമായി രാജ്യത്തെ ക്രൈസ്തവ സമൂഹം. ഭീഷണി രൂക്ഷമാണെങ്കിലും ദേവാലയങ്ങളില്‍ വിശ്വാസികളുടെ എണ്ണം ഇരട്ടിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഈജിപ്തിലെ വിശ്വാസികളുടെ സാക്ഷ്യം. ബോംബിനേയോ മരണത്തേയോ തങ്ങള്‍ ഭയപ്പെടുകയില്ലെന്നാണ് വിശ്വാസികള്‍ ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നത്.

“ഏത് നിമിഷവും ഒരു ബോംബാക്രമണം പ്രതീക്ഷിച്ചുകൊണ്ടാണ് ഞങ്ങള്‍ ദേവാലയത്തില്‍ പോകുന്നത്. ഓരോ ദിവസവും ദൈവത്തിന്റെ കൈകളില്‍ സ്വയം സമര്‍പ്പിക്കുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക്‌ യാതൊരു ഭയവുമില്ല”. ആന്‍ഡ്രീ സാക്കി സ്റ്റെഫാനോസ് എന്ന ക്രൈസ്തവ വിശ്വാസി 'പ്രീമിയര്‍' പ്രതിനിധിയോട് പങ്കുവച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 9-ന് കുരുത്തോല തിരുനാള്‍ ദിനത്തിലാണ് ഇസ്ലാമിക്‌ സ്റ്റേറ്റ്‌ തീവ്രവാദികള്‍ ടാന്റാ നഗരത്തിലെ സെന്റ്‌ ജോര്‍ജ്ജ് ദേവാലയത്തിലും, അലെക്സാണ്ട്രിയായിലെ സെന്റ്‌ മാര്‍ക്സ്‌ കത്തീഡ്രലിലും മണിക്കൂറിന്റെ വ്യത്യാസത്തില്‍ ആക്രമണങ്ങള്‍ നടത്തിയത്‌. ഈ ആക്രമണങ്ങളില്‍ 45 പേര്‍ കൊല്ലപ്പെടുകയും, 125 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എങ്കിലും ഈജിപ്തിലെ ദേവാലയങ്ങളില്‍ നിന്നും വിശ്വാസികളെ അകറ്റുവാന്‍ ഈ ബോംബാക്രമണങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് സ്റ്റെഫാനോസ് പറയുന്നു. 96 ദശലക്ഷത്തോളം വരുന്ന ഈജിപ്തിലെ ജനസംഖ്യയുടെ 10 ശതമാനത്തോളം കോപ്റ്റിക്‌ ക്രിസ്ത്യാനികളും, പത്തുലക്ഷത്തോളം പേര്‍ ഇവാഞ്ചലിക്കല്‍ സഭകളിലുമുള്ളവരാണ്.

‘ഓപ്പണ്‍ ഡോര്‍സ്’ന്റെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തിലെ ക്രിസ്ത്യന്‍ പീഡനത്തിന്റെ കാര്യത്തില്‍ ഈജിപ്തിന്റെ സ്ഥാനം 17-മതാണ്. ഇസ്ലാം മതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ക്കാണ് ഏറ്റവുമധികം പീഡനമേല്‍ക്കേണ്ടിവന്നത്. കോപ്റ്റിക്‌ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണവും രൂക്ഷമാണ്. രാജ്യത്തെ ക്രിസ്ത്യാനികളുടെ സാഹചര്യം എന്തു തന്നെ ആയാലും വിശ്വാസസമൂഹത്തിന് നല്ല ഉണര്‍വാണിപ്പോള്‍ ഉള്ളതെന്ന് കെയ്റോയിലെ ഇവാഞ്ചലിക്കല്‍ സഭയുടെ പാസ്റ്ററായ സാമേ ഹന്ന അഭിപ്രായപ്പെട്ടു.

അബ്ദേല്‍ ഫത്താ അല്‍ സിസി അധികാരത്തിലേറിയ ശേഷം കോപ്റ്റിക്‌ ക്രൈസ്തവരുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നു ‘ലീഡിംഗ് ദി വേ’ മിനിസ്ട്രിയുടെ സ്ഥാപകനായ ഡോ. മൈക്കേല്‍ യൂസുഫ്‌ വെളിപ്പെടുത്തി. ഇപ്പോള്‍ ഈജിപ്തിന് പറ്റിയ ഏറ്റവും നല്ല ഭരണകര്‍ത്താവ് സിസി തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. സിസി രണ്ടാം പ്രാവശ്യവും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണ്ണായകമായിട്ടുണ്ടെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. സാഹചര്യങ്ങള്‍ എന്തു തന്നെ ആയാലും അക്രമത്തിനും ഭീഷണികള്‍ക്കും ഇടയില്‍ തീക്ഷ്ണമായ വിശ്വാസവുമായി മുന്നേറുകയാണ് ഇന്ന് ഈജിപ്തിലെ ക്രൈസ്തവ സമൂഹം.


Related Articles »