News - 2025
സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ കുരിശ് പ്രദര്‍ശിപ്പിക്കുവാന്‍ ഉത്തരവുമായി ജര്‍മ്മന്‍ സംസ്ഥാനം
സ്വന്തം ലേഖകന്‍ 26-04-2018 - Thursday
മ്യൂണിച്ച്: പാശ്ചാത്യ ക്രിസ്ത്യന്‍ പാരമ്പര്യവും സാംസ്കാരിക വ്യക്തിത്വവും, പ്രകടിപ്പിക്കുന്നതിനായി എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളുടേയും പ്രവേശന കവാടത്തില്‍ കുരിശ് പ്രദര്‍ശിപ്പിക്കണമെന്ന് ജര്‍മ്മന്‍ സംസ്ഥാനമായ ബാവരിയായില്‍ ഉത്തരവ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രാദേശിക ഭരണകൂടം ഈ ഉത്തരവിറക്കിയത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ ബാവരിയായിലെ സര്‍ക്കാര്‍ സ്കൂളുകള്‍, കോടതി സമുച്ചയങ്ങള്‍ തുടങ്ങിയവയില്‍ ഇതിനോടകം തന്നെ ഈ നിയമം പ്രാബല്യത്തില്‍ വന്നുക്കഴിഞ്ഞു. ബാവരിയായുടെ സാംസ്കാരിക വ്യക്തിത്വത്തിന്റേയും ജീവിത ശൈലിയുടേയും അടിസ്ഥാന പ്രകടനമാണ് കുരിശെന്ന് ബാവരിയായുടെ പ്രസിഡന്റായ മാര്‍കുസ് സോഡര്‍ പറഞ്ഞു.
ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ചല മെര്‍ക്കലിന്റെ പാര്‍ട്ടിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ പങ്കാളികളായ ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയനാണ് ബാവരിയ ഭരിക്കുന്നത്. ജര്‍മ്മനിയുടെ അഭയാര്‍ത്ഥി നയങ്ങള്‍ക്കെതിരെ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ പ്രകടമായ ജനരോഷമാണ് പുതിയ ഉത്തരവിന്റെ പിന്നിലെന്നു കരുതപ്പെടുന്നത്.
യൂറോപ്പില്‍ ശക്തമായ ക്രിസ്ത്യന്‍ നിലപാടുകള്‍ ഉയര്‍ത്തി പിടിക്കുന്ന വിക്ടര്‍ ഒര്‍ബാന്‍ ഈ മാസം ആരംഭത്തില്‍ ഹംഗറിയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ അഭയാര്‍ത്ഥിപ്രവാഹത്തിനു കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് മെര്‍ക്കല്‍ ഗവണ്‍മെന്റിനുമേല്‍ ശക്തമായ സമ്മര്‍ദ്ദമേറിവരികയാണ്.