News - 2025

മെക്സിക്കോയില്‍ വൈദിക നരഹത്യ വീണ്ടും; മൂന്നാമത്തെ വൈദികന്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 29-04-2018 - Sunday

മെക്സിക്കോ സിറ്റി: ലോക മനസാക്ഷിയെ ഞെട്ടിച്ചു മെക്സിക്കോയില്‍ വീണ്ടും വൈദിക നരഹത്യ. അക്രമികള്‍ തട്ടിക്കൊണ്ടുപോയ വയോധികനായ ഫാ. ജോസ് മൊയിസേസ് ഫബില റെയെസ് എന്ന കത്തോലിക്കാ വൈദികനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ ഈ മാസം മെക്സിക്കോയില്‍ കൊല്ലപ്പെട്ട വൈദികരുടെ എണ്ണം മൂന്നായി. ഇക്കഴിഞ്ഞ മൂന്നാം തിയതി (03/04/18) കുടുംബാംഗങ്ങളോടൊപ്പം മെക്സിക്കോ നഗരത്തില്‍ നിന്ന് കുവെര്‍നവാക്ക എന്ന സ്ഥലത്തേക്കു പോകുന്നതിനിടെയാണ് ഫാ. മൊയിസേസിനെ അക്രമികളുടെ സംഘം തട്ടിക്കൊണ്ട് പോയത്.

ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പ ദേവാലയത്തില്‍ സേവനം ചെയ്യുകയായിരിന്ന ഫാ. മൊയിസേസിന് എണ്‍പത് വയസ്സായിരിന്നു. കഴിഞ്ഞ ദിവസം കുവെര്‍നവാക്കയിലെ വിജനമായ സ്ഥലത്തു നിന്ന്‍ വൈദികന്‍റെ ചേതനയറ്റ ശരീരം കണ്ടെത്തുകയായിരിന്നു. പൌരോഹിത്യം സ്വീകരിച്ചിട്ട് 57 വര്‍ഷം പിന്നിട്ട ഫാ. ജോസ് 2001 മുതല്‍ ഗ്വാഡലൂപ്പ ദേവാലയത്തിന്റെ നേതൃത്വം വഹിക്കുകയായിരിന്നു. ഇക്കഴിഞ്ഞ 18നു ഗ്വാദലഹാറ അതിരൂപതയിലെ വൈദികനും 20നു ഇസ്കാല്ലി രൂപതയിലെ വൈദികനും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരിന്നു.

കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മെക്സികോയിൽ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ വധിക്കപ്പെട്ടെന്നാണ് കണക്കുകള്‍. ഈ വര്‍ഷം ഇതുവരെ അഞ്ചു വൈദികരാണ് ദുരൂഹ സാഹചര്യത്തില്‍ മെക്സിക്കോയില്‍ കൊല്ലപ്പെട്ടത്. വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെയുള്ള ആക്രമണത്തില്‍ മെക്സിക്കന്‍ ഗവണ്‍മെന്‍റ് നിശബ്ദത വെടിയണമെന്നും ഇടയ ദൗത്യം സുരക്ഷിതമായി തുടരാനാവശ്യമായ സംരക്ഷണം സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാകണമെന്നുമാണ് സഭയുടെ ആവശ്യം. പക്ഷേ സര്‍ക്കാര്‍ മൗനത്തില്‍ വൈദിക നരഹത്യ വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്.


Related Articles »