News

ബ്രിട്ടന്റെ വിശ്വാസ മുന്നേറ്റമായി 'റോസറി ഓൺ ദ കോസ്റ്റ്'

സ്വന്തം ലേഖകന്‍ 30-04-2018 - Monday

പോര്‍ട്ട്‌സ് മൗത്ത്: നീണ്ട നാല്‍പ്പത് ദിവസത്തെ ഒരുക്കത്തിന് ശേഷം ജപമാല യത്നത്തില്‍ പങ്കെടുക്കാൻ ആയിരങ്ങൾ എത്തിയപ്പോൾ ബ്രിട്ടന്റെ സമീപകാല ചരിത്രം ദർശിച്ച ഏറ്റവും വലിയ വിശ്വാസമുന്നേറ്റമായി 'റോസറി ഓൺ ദ കോസ്'റ്റ്. ഇന്നലെയാണ് ബ്രിട്ടന്റെ തീരപ്രദേശങ്ങളില്‍ ആയിരങ്ങള്‍ ഒത്തുകൂടി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചത്. ദമ്പതികളും കുട്ടികളും യുവജനങ്ങളും വയോധികരും വൈദികരും ബിഷപ്പുമാരും അടക്കമുള്ള സമൂഹം പങ്കെടുത്ത ജപമാലയത്നം ബ്രിട്ടന് ചുറ്റുമുള്ള 7000 മൈൽ നീളമുള്ള സമുദ്രതീരത്തെ 350 കേന്ദ്രങ്ങളിലായാണ് സംഘടിപ്പിച്ചത്.

പരിശുദ്ധ അമ്മയുടെ രൂപങ്ങളും ചിത്രങ്ങളും ഉയര്‍ത്തിയാണ് വിശ്വാസ സമൂഹം ഒന്നുചേര്‍ന്നു ജപമാല ചൊല്ലിയത്. ജപമാല കൂട്ടായ്മയില്‍ മലയാളി വിശ്വാസ സമൂഹത്തിന്റെ പങ്കാളിത്തവും ശ്രദ്ധേയമായി. പോര്‍ട്ട്‌സ് മൗത്ത് റോസ് ഗാര്‍ഡന്‍സില്‍ നടന്ന ജപമാല പ്രാര്‍ത്ഥനയ്ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. ദൈവികജീവനില്‍ പങ്കുചേരുന്ന പരിശുദ്ധ കന്യകമറിയത്തിന്റെ മാധ്യസ്ഥ്യം മരണസംസ്‌കാരത്തിന് എതിരേയുള്ള മറുമരുന്നാണെന്ന് അദ്ദേഹം പറഞ്ഞു.

തീരപ്രദേശമായ ഗ്യുർണസി ദ്വീപിൽനിന്ന് ആരംഭിച്ച ജപമാല യജ്ഞം സ്‌കോട്ട്‌ലാൻഡ് നോർവേ തീരമായ ഷെറ്റ്‌ലാൻഡ് സെന്റ് നിനിയൻ ദ്വീപിലാണ് സമാപിച്ചത്. 1967-ൽ പ്രാബല്യത്തിൽ വന്ന അബോർഷൻ ആക്റ്റിന്റെയും സിയന്നായിലെ വിശുദ്ധ കാതറിന്റെയും ഓർ ലേഡി ഓഫ് ഫെയ്ത്തിന്റെയും അനുസ്മരണാർത്ഥമാണ് ഇന്നലെ ‘റോസറി ഓൺ ദ കോസ്റ്റ്' സംഘടിപ്പിക്കപ്പെട്ടത്. ബ്രിട്ടനില്‍ വിശ്വാസത്തിനെതിരെയുള്ള ഭീഷണികളെ ചെറുക്കുക, ഗര്‍ഭഛിദ്ര പ്രവണത അവസാനിക്കുക, ലോകമാകമാനം സമാധാനം പുനസ്ഥാപിക്കപ്പെടുക എന്നിവയായിരിന്നു ജപമാല യത്നത്തിന്റെ നിയോഗങ്ങള്‍


Related Articles »