Life In Christ - 2025

പാക്കിസ്ഥാനിലെ കച്ചി കോഹ്ലി ഗോത്രത്തില്‍ നിന്നും ആദ്യ കന്യാസ്ത്രീ

സ്വന്തം ലേഖകന്‍ 09-05-2018 - Wednesday

ലാഹോര്‍: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കച്ചി കോഹ്ലി ഗോത്ര വിഭാഗത്തിനിടയില്‍ നിന്നും ആദ്യമായി കര്‍ത്താവിന്റെ മണവാട്ടി. ഫാ. ഫര്‍മാന്‍ ഓ‌എഫ്‌എംന്റെ നേതൃത്വത്തില്‍ 1940-ല്‍ ഡച്ച് ഫ്രാന്‍സിസ്കന്‍ സഭാ ഫ്രിയാഴ്സ് പ്രേഷിത ദൗത്യമാരംഭിച്ച സിന്ധ് പ്രവിശ്യയിലെ സമൂഹത്തിലാണ് അനിറ്റ മറിയം മാന്‍സിംഗ് എന്ന കന്യാസ്ത്രീ നിത്യവ്രത വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രസന്റേഷന്‍ ഓഫ് ബ്ലസ്സഡ് വര്‍ജിന്‍ മേരി (PBVM) സഭയിലെ കന്യാസ്ത്രീയായിട്ടാണ് സിസ്റ്റര്‍ അനിറ്റ നിത്യവൃതവാഗ്ദാനമെടുത്തത്. ഹൈദരാബാദ് കത്തോലിക്കാ രൂപതയ്ക്കു കീഴിലുള്ള ജോതി കള്‍ച്ചറല്‍ ആന്‍ഡ്‌ എഡ്യൂക്കേഷന്‍ സെന്ററില്‍ വച്ചാണ് ചടങ്ങ് നടന്നത്.

സിസ്റ്റര്‍ അനീറ്റക്കൊപ്പം മറ്റൊരാള്‍ കൂടി ചടങ്ങില്‍ വെച്ച് നിത്യവൃതവാഗ്ദാനം ചെയ്തു. ഹൈദരാബാദ് രൂപതാദ്ധ്യക്ഷനായ സാംസന്‍ ഷുക്കാര്‍ഡിന്‍ മെത്രാനാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. കച്ചി കോഹ്ലി ഗോത്രത്തില്‍ നിന്നുമൊരു വനിത കന്യാസ്ത്രീയായിരിക്കുന്നന്നത് ആനന്ദകരമായ നിമിഷമാണെന്നും സിന്ധിലെ സഭയുടെ മനോഹാരിതയാണ് ഗോത്രവിഭാഗങ്ങളെന്നും അദ്ദേഹം പറഞ്ഞു. സിസ്റ്റര്‍ അനിറ്റയുടെ അമ്മാവനായ ഫാ. മോഹന്‍ വിക്ടറാണ് ഗോത്രത്തില്‍ നിന്നും ആദ്യമായി പൗരോഹിത്യ പട്ടം സ്വീകരിച്ചയാള്‍. ഫാ. മോഹന്‍ വിക്ടറാണ് തന്റെ ദൈവനിയോഗം മനസ്സിലാക്കി ഒരു കന്യസ്ത്രീയാകുവാന്‍ തനിക്ക് പ്രചോദനം നല്‍കിയതെന്ന്‍ സിസ്റ്റര്‍ അനിറ്റ വെളിപ്പെടുത്തി.

നിര്‍ധനരായ ആളുകളുടെ പ്രതീക്ഷയായി വൃതവാഗ്ദാനം നടത്തിയ കന്യാസ്ത്രീകള്‍ മാറട്ടെയെന്നും മെത്രാന്‍ ആശംസിച്ചു. 2008-ല്‍ ആണ് കന്യാസ്ത്രീയാകുന്നതിനായി പ്രസന്റേഷന്‍ സിസ്റ്റേഴ്സിന്റെ കോണ്‍വെന്റില്‍ സിസ്റ്റര്‍ അനീറ്റ ചേര്‍ന്നത്. രൂപീകരണത്തിന്റെ നാളുകളില്‍ റാവല്‍പിണ്ടി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിരവധി സാമുദായിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സിസ്റ്റര്‍ അനിറ്റ. സിന്ധില്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കച്ചി കോഹ്ലി ഗോത്രവംശജയായ ഒരാള്‍ കന്യാസ്ത്രീ ആയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.


Related Articles »