News - 2025

മതസ്വാതന്ത്ര്യ വിലക്കുകള്‍ക്കിടെ ചൈനയില്‍ വിശുദ്ധന്റെ രൂപം സ്ഥാപിച്ചു

സ്വന്തം ലേഖകന്‍ 18-05-2018 - Friday

ബെയ്ജിംഗ്: യേശുവിനെ പ്രതി സ്വജീവന്‍ ബലിയായി നല്‍കിയ രക്തസാക്ഷിയും ക്രൈസ്തവ പണ്ഡിതനുമായിരിന്ന വിശുദ്ധ ജോൺ വു വെൻ യിന്നെന്റെ സ്വരൂപം ചൈനയില്‍ പ്രതിഷ്ഠിച്ചു. മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള ചൈനയില്‍ കുരിശുകളും ക്രൈസ്തവ പ്രതീകങ്ങളും നീക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് വിശുദ്ധന്റെ രൂപം സ്ഥാപിച്ചതെന്നത് ശ്രദ്ധേയമാണ്. വിശുദ്ധന്റെ ജന്മസ്ഥലമായ ഡോങ്ങ് ഇർ തോങ്ങിലെ ദേവാലയത്തോട് ചേര്‍ന്നാണ് രൂപം സ്ഥാപിച്ചത്. തിരുസ്വരൂപ വെഞ്ചിരിപ്പും അനാച്ഛാദന കർമ്മവും രൂപതാ ചാൻസലർ ഫാ. ഡോൺ പിയട്രോ സോ ക്വിങ്ങ് ഗാങ്ങാണ് നിർവ്വഹിച്ചത്.

രക്തസാക്ഷികളുടെ ചുടുനിണത്താൽ വളർന്ന സഭയിൽ വിശുദ്ധന്റെ പാത പിന്തുടർന്ന് വിശ്വാസത്തിൽ അടിയുറച്ച് വളരാൻ ഫാ. പീറ്റർ സോഹു വിശ്വാസികളോട് ആവശ്യപ്പെട്ടു. വിശുദ്ധന്റെ വിശ്വാസ തീക്ഷണതയും സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ അദ്ദേഹത്തിന്റെ അമ്മയുടെ മാതൃകയെയും ചാൻസലർ സന്ദേശത്തിൽ അനുസ്മരിച്ചു. മുപ്പത്തിയഞ്ചോളം വൈദികരും നിരവധി വിശ്വാസികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. 1850 ൽ യോങ്ങ് നിയാനിലെ ഡോങ്ങ് ഇർ തോങ്ങ് ഗ്രാമത്തിൽ ജനിച്ച ജോൺ വു വെൻ തികഞ്ഞ കത്തോലിക്ക വിശ്വാസിയും പണ്ഡിതനുമായിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിൽ ബോക്സേഴ്സ് നടത്തിയ മത പീഡനങ്ങളിൽ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിച്ചിട്ടും മരണം വരെ അദ്ദേഹം ക്രിസ്തുവിനായി നിലകൊണ്ടു. ഒടുവില്‍ ജീവരക്തം ബലിയായി നല്‍കി അദ്ദേഹം യേശുവിനെ പുല്‍കുകയായിരുന്നു. സ്വർഗ്ഗീയ ഭവനത്തിൽ പിതാവിനോടൊത്ത് ഒന്നാകുമ്പോൾ കണ്ടുമുട്ടാം എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ. 2000 ഒക്ടോബർ ഒന്നിന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് രക്തസാക്ഷിയായ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തത്.


Related Articles »