News - 2025
പാക്കിസ്ഥാനില്‍ നിരപരാധികളായ ക്രൈസ്തവ യുവാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു
സ്വന്തം ലേഖകന്‍ 19-05-2018 - Saturday
കറാച്ചി: പാക്കിസ്ഥാനില്‍ യാതൊരു കാരണവും കൂടാതെ ക്രൈസ്തവ യുവാക്കളെ കൂട്ടത്തോടെ പോലീസ് അറസ്റ്റ് ചെയ്യുന്നത് വിവാദമാകുന്നു. മാര്‍ച്ച് 30നു ഇരുപത്തിനാലു ക്രൈസ്തവ യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് പിന്നിട്ട് രണ്ടു മാസമായെങ്കിലും ഇവരെ കോടതിയില്‍ ഹാജരാക്കുവാനോ ആരോപിക്കപ്പെട്ട കുറ്റമെന്തെന്ന് വ്യക്തമാക്കുവാനോ പോലീസ് ഇതുവരെ തയാറായിരിന്നില്ല. ഇതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ആഴ്ചകൾ നീണ്ട് നിന്ന ആശങ്കകൾക്കൊടുവിൽ കാണാതായ പന്ത്രണ്ടോളം ക്രൈസ്തവ യുവാക്കളെ പോലീസ് കോടതിയിൽ ഹാജരാക്കിയെങ്കിലും ബാക്കിയുള്ള യുവാക്കളുടെ സ്ഥിതി അനിശ്ചിതത്വത്തിലാണ്.
അറസ്റ്റിലായ ക്രൈസ്തവർക്ക് നേരെ ആയുധം കൈവച്ചതടക്കം നിരവധി ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഓരോ മാസവും നിരവധി ക്രൈസ്തവ യുവാക്കളെയാണ് യാതൊരു കാരണവും കൂടാതെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നിരിന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്ന നിയമം പോലീസ് പാലിക്കുന്നില്ലെന്ന് അറസ്റ്റിലായ ക്രിസ്ത്യന്‍ യുവാവ് സ്മിത്ത് മൈക്കിളിന്റെ സഹോദരൻ നോമൻ മൈക്കിൾ പറഞ്ഞു. അറസ്റ്റ് ഭയന്ന് സ്വഭവനത്തില്‍ താമസിക്കാൻ ക്രൈസ്തവ യുവാക്കള്‍ ഭയപ്പെടുകയാണെന്നും അറസ്റ്റ് സംബന്ധിച്ച് വാർത്തകൾ മാധ്യമങ്ങളിൽ വരാത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ക്രൈസ്തവ സമൂഹം പോലീസ് അധികാരികളിൽ നിന്നും നേരിടുന്ന പീഡനങ്ങൾ നിരവധിയാണ്. മതനിന്ദ ആരോപിക്കപ്പെട്ട് അറസ്റ്റിലായ ക്രൈസ്തവ യുവാവ് പത്രാസ് മസിഹയും അദ്ദേഹത്തിന്റെ അർദ്ധ സഹോദരൻ സാജിദ് മസിഹയും അനുഭവിച്ച പീഡനങ്ങള്‍ പോലിസിനെ സംശയത്തിന്റെ നിഴലിലാക്കുന്നു. എന്നാൽ നിരപരാധികളെ ഉപദ്രവിച്ചിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. പാക്കിസ്ഥാനില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനമാണ് ഓരോ അറസ്റ്റും സൂചിപ്പിക്കുന്നത്.