News - 2025

കാല്‍ നൂറ്റാണ്ടിന് ശേഷമുള്ള കര്‍ദ്ദിനാള്‍ നിയമനത്തില്‍ പാക്കിസ്ഥാന്‍ ആഹ്ലാദത്തില്‍

സ്വന്തം ലേഖകന്‍ 22-05-2018 - Tuesday

ലാഹോർ: കാല്‍ നൂറ്റാണ്ടിന് ശേഷം കര്‍ദ്ദിനാളിനെ ലഭിച്ചതിലുള്ള ആഹ്ലാദവുമായി പാക്കിസ്ഥാനിലെ ക്രൈസ്തവ മുസ്ലിം സമൂഹം. 1994-ൽ കർദ്ദിനാളായിരുന്ന ജോസഫ് കോർഡിരോ ദിവംഗതനായതിനെ തുടർന്ന് കർദ്ദിനാൾ പദവിയിലേക്ക് ആരും തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. കറാച്ചി ആർച്ച് ബിഷപ്പായ ജോസഫ് കൗട്ട്‌സ് ഉള്‍പ്പെടെയുള്ള 14 പേരെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്ന കാര്യം ഞായറാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പ വിശ്വാസ സമൂഹത്തെ അറിയിച്ചത്. മോൺ. ജോസഫ് കൗട്ട്‌സിനെ കർദ്ദിനാളായി തെരഞ്ഞെടുത്തത് ക്രൈസ്തവ സമൂഹത്തിന് ആഹ്ളാദകരമാണെന്നും രാജ്യത്തിനു ഇത് അഭിമാനമാണെന്നും പാക്കിസ്ഥാൻ റെയിൽ വേ മിനിസ്റ്റർ ഖ്വാജ സാദ് റഫീഖ് ട്വീറ്റ് ചെയ്തു.

കർദ്ദിനാളിന്റെ നിയമനം രാജ്യത്തിന് ലഭിച്ച റംസാൻ സമ്മാനമാണെന്നു കത്തോലിക്ക പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വനിത ശാക്തീകരണ സംഘടനയുടെ അദ്ധ്യക്ഷയായ ഡോ. സാദിയ ഉമ്മർ അഭിപ്രായപ്പെട്ടു. തീവ്രവാദത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്ന രാഷ്ട്രമെന്ന നിലയിൽ സംശയദൃഷ്ടിയോടെയാണ് പാക്കിസ്ഥാനെ ലോകജനത നോക്കി കാണുന്നത്. എന്നാൽ ഫ്രാൻസിസ് പാപ്പയുടെ സമീപനം വ്യത്യസ്തമാണ്. മതസൗഹാർദം കാത്ത് സൂക്ഷിക്കുകയും എല്ലാവരേയും ജാതി മത ഭേദമെന്യേ മനുഷ്യരായി കാണുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ മാതൃക പ്രശംസനീയമാണെന്നും ഡോ. സാദിയ പറഞ്ഞു.

ഇതര മത വിഭാഗവുമായി സദാ സാഹോദര്യ ബന്ധം പുലര്‍ത്തുന്ന ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്ട്‌സിന്‍റെ കര്‍ദ്ദിനാള്‍ നിയമനം പാക്കിസ്ഥാനി ക്രൈസ്തവർക്ക് പ്രത്യാശ നല്‍കുന്നതായി ദേശീയ മെത്രാന്‍ സമിതിയുടെ കാറ്റിക്കെറ്റിക്കല്‍ കമ്മീഷന്‍ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഇമ്മാനുവേൽ നിന്നോ പ്രതികരിച്ചു. പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ന്യൂനപക്ഷമാണെങ്കിലും ആഗോള സഭയിൽ ശക്തമായ സാന്നിദ്ധ്യമാകാൻ കർദ്ദിനാൾ നിയമനം ഉപകരിക്കും. രാജ്യത്തിന് പരിഗണന നല്കിയ മാർപ്പാപ്പയുടെ തീരുമാനം അഭിനന്ദർഹമാണ്. രാജ്യത്തെ പകുതിയോളം രൂപതകളുടെ മെത്രാനായിരുന്ന ആര്‍ച്ച് ബിഷപ്പ് കൗട്ട്‌സിനു വിശ്വാസികളെയും അവരുടെ ആവശ്യങ്ങളെയും അറിയുമെന്നത് ഗുണകരമാണെന്നും ഫാ. ഇമ്മാനുവേൽ കൂട്ടിച്ചേര്‍ത്തു.

മാർപാപ്പ നിയോഗിച്ച പതിനാല് കർദ്ദിനാളുമാരുടേയും സ്ഥാനാരോഹം ജൂൺ ഇരുപത്തിയൊൻപതിന് നടക്കും.


Related Articles »