News - 2025

ഇറാഖി പൊതുതിരഞ്ഞെടുപ്പില്‍ ക്രൈസ്തവ പ്രതിനിധികള്‍ക്ക് ജയം

സ്വന്തം ലേഖകന്‍ 22-05-2018 - Tuesday

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തിയതിനു ശേഷം ഇക്കഴിഞ്ഞ മെയ് 12-ന് ഇറാഖില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ രണ്ട് ക്രൈസ്തവ പ്രതിനിധികള്‍ക്ക് വിജയം. ‘ബാബിലോണ്‍ ബ്രിഗേഡ്സ്’ മൂവ്മെന്റിന്റെ സ്ഥാനാര്‍ത്ഥികളായ ആസ്വാന്‍ സാലേം സാവ, ബുര്‍ഹാനുദ്ദീന്‍ ഇഷാക് ഇബ്രാഹിം എന്നിവരാണ് വിജയിച്ചത്. ക്രൈസ്തവ മേഖലയായ നിനയില്‍ നിന്നുമാണ് ആസ്വാന്‍ സാലേം വിജയിച്ചത്. ബാഗ്ദാദ് മേഖലയില്‍ നിന്നുമാണ് ഇഷാക് ഇബ്രാഹിമിന്റെ വിജയം. നേരത്തെ ന്യൂനപക്ഷ സംവരണത്തിന്റെ ഭാഗമായി 5 സീറ്റുകളാണ് ക്രിസ്ത്യാനികള്‍ക്കായി മാറ്റിവച്ചിരിന്നത്.

കിര്‍കുര്‍ക്ക് മേഖലയില്‍ ക്രിസ്ത്യാനികള്‍ക്കായി സംവരണം ചെയ്തിരുന്ന സീറ്റ് കല്‍ദായ സിറിയക്ക് അസ്സീറിയന്‍ കൗണ്‍സില്‍ സ്ഥാനാര്‍ത്ഥിയായ റിഹാന്‍ ഹന്നാ അയൂബിനാണ് ലഭിച്ചത്. ദോഖുക് മേഖലയിലെ സംവരണ സീറ്റ് അസ്സീറിയന്‍ റാഫിഡൈന്‍ സഖ്യത്തിന്റെ ഇമ്മാനുവല്‍ ഖൊഷാബാക്കും, എര്‍ബില്‍ മേഖലയില്‍ സംവരണം ചെയ്തിരുന്ന സീറ്റ് കല്‍ദായ സഖ്യത്തിന്റെ ഹോഷ്യാര്‍ കാരാഡാഗ് യെല്‍ഡാക്കും ലഭിച്ചു. അഞ്ചു സ്ഥാനാര്‍ത്ഥികളില്‍ നാലു പേരും കല്‍ദായ സഭയില്‍ നിന്നുള്ളവരായിരിന്നു.

തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച ഇറാഖി ഷിയാ നേതാവായ മുഖ്താഡാ അല്‍ സദറിനെ കല്‍ദായ പാത്രിയാര്‍ക്കീസ് ലൂയീസ് റാഫേല്‍ സാക്കോ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഇറാഖി ജനതയുടെ പൊതു നന്മക്കുതകും വിധമുള്ള ഭരണം കാഴ്ചവെക്കുവാന്‍ കഴിയട്ടെയെന്ന് പാത്രിയാര്‍ക്കീസ് സാക്കോ ആശംസിച്ചു. പാത്രിയാര്‍ക്കീസിന്റെ അഭിനന്ദനത്തിനും ആശംസക്കും മുഖ്താഡാ അല്‍ സദര്‍ നന്ദി അറിയിച്ചുവെന്നും, ക്രിസ്ത്യാനികളെ പിന്തുണക്കുന്ന സമീപനമായിരിക്കും തന്റെതെന്ന ഉറപ്പ് അദ്ദേഹം നല്‍കിയെന്നും പാത്രിയാര്‍ക്കീസുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.


Related Articles »