News - 2024

മോൺ. കൗട്ട്‌സിനെ അഭിനന്ദിച്ച് പാക്കിസ്ഥാനിലെ മതമേലദ്ധ്യക്ഷന്മാർ

സ്വന്തം ലേഖകന്‍ 26-05-2018 - Saturday

കറാച്ചി: മോൺ. ജോസഫ് കൗട്ട്‌സിന്‍റെ കര്‍ദ്ദിനാള്‍ നിയമനത്തില്‍ അഭിനന്ദനം അറിയിച്ച് പാക്കിസ്ഥാനിലെ വിവിധ മതാദ്ധ്യക്ഷന്‍മാര്‍. മോൺ. കൗട്ട്‌സ് എളിമയുടെ വ്യക്തിത്വത്തിന് ഉടമയാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മതസൗഹാർദത്തിന് മുതൽക്കൂട്ടാണെന്നും ഹൈന്ദവ സമൂഹത്തെ പ്രതിനിധീകരിച്ച് എത്തിയ രവി ദാസ് വഖേല പറഞ്ഞു. കര്‍ദ്ദിനാളിന് അഭിനന്ദനം അറിയിക്കുന്നുവെന്നും ഇന്ത്യയിലെയും പലസ്തീനയിലും സമാധാന ശ്രമങ്ങൾ നടപ്പിലാക്കാൻ ആർച്ച് ബിഷപ്പിന്റെ നേതൃത്വം ആവശ്യമാണെന്നും ജമാ അത്ത് ഇസ്ലാമി നേതാവ് ഹഫീസ് നയീം ഉർ റഹ്മാൻ പറഞ്ഞു. മോൺ. ജോസഫ് കൗട്ട്‌സിന്‍റെ പുതിയ ദൗത്യം രാഷ്ട്രത്തിന് ആദരവാണെന്നു കഴിഞ്ഞ പതിനൊന്ന് വർഷത്തോളം ആർച്ച് ബിഷപ്പിനൊപ്പം പ്രവർത്തിച്ച കറാച്ചി മതേതര കമ്മീഷൻ അദ്ധ്യക്ഷൻ അലാമ മുഹമ്മദ് അഹസൻ സിദ്ദിഖി പ്രസ്താവിച്ചു.

രാജ്യത്ത് സ്നേഹവും സമാധാനവും സഹകരണവും ഐക്യവും പടുത്തുയർത്താൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുമെന്നും മോൺ. കൗട്ട്‌സിനെ ആദരിക്കാൻ വിവിധ മതമേലദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിൽ സമ്മേളനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്ളാം മതസ്ഥരുടെ പ്രാര്‍ത്ഥനാദിനങ്ങളായ റമദാനിൽ വന്ന പ്രഖ്യാപനം സൗഹൃദത്തിന്റെയും ആത്മീയ ഐക്യത്തെയും സൂചിപ്പിക്കുന്നതായി ഇസ്ലാം മതസ്ഥര്‍ അഭിപ്രായപ്പെട്ടു. കറാച്ചി ആർച്ച് ബിഷപ്പായ ജോസഫ് കൗട്ട്‌സ് ഉള്‍പ്പെടെയുള്ള 14 പേരെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്ന കാര്യം ഇക്കഴിഞ്ഞ ഇരുപതാം തീയതി ഫ്രാന്‍സിസ് പാപ്പയാണ് വിശ്വാസ സമൂഹത്തെ അറിയിച്ചത്.


Related Articles »