News - 2024

വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന് പുതിയ തലവന്‍

സ്വന്തം ലേഖകന്‍ 28-05-2018 - Monday

വത്തിക്കാന്‍ സിറ്റി: വിശുദ്ധരുടെ നാമകരണ നടപടിക്കായുള്ള വത്തിക്കാന്റെ തിരുസംഘത്തിന്റെ തലവനായി നിയുക്ത കര്‍ദ്ദിനാളും ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പുമായ ജിയോവാനി ആഞ്ചലോ ബേസിയുവിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിലവിലെ തിരുസംഘ തലവനായ ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ശനിയാഴ്ചയാണ് നിയമന ഉത്തരവ് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ ഇരുപതാം തീയതി കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ 14 പേരില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ് ആര്‍ച്ച് ബിഷപ്പ് ജിയോവാനി.

1948 ജൂണ്‍ രണ്ടിന് ഇറ്റലിയിലെ സര്‍ധിനിയായിലെ പട്ടാടയിലാണ് ആര്‍ച്ച് ബിഷപ്പിന്‍റെ ജനനം. 1972 ഓഗസ്റ്റ് 27-ന് ഓസിറി രൂപതയില്‍ നിന്ന് തിരുപട്ടം സ്വീകരിച്ച് അഭിഷിക്തനായി. 1984 ല്‍ വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മധ്യ ആഫ്രിക്ക, ന്യൂസീലന്‍ഡ്, ലൈബീരിയ, ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്കന്‍ ഐക്യനാടുകള്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. 2001 ഒക്ടോബര്‍ പകുതിയോട് കൂടി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ അംഗോളയിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോയായി നിയമിച്ചു.

ആ വര്‍ഷം ഡിസംബറില്‍ തന്നെ അദ്ദേഹം പട്ടാടയില്‍ മെത്രാനായി നിയമതിനായി. 8 വര്‍ഷങ്ങള്‍ക്ക് ശേഷം 2009-ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ക്യൂബയിലെ അപ്പോസ്‌തോലിക് നുണ്‍ഷ്യോ ആയി നിയമിച്ചു. പിന്നീട് വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലേക്കു അദ്ദേഹത്തെ തിരികെ വിളിക്കുകയായിരിന്നു. ജൂണ്‍ അവസാനം വരെ അദ്ദേഹം ഈ പദവി തുടരും. 2017 ഫെബ്രുവരി 2ന് നൈറ്റ്സ് ഓഫ് മാള്‍ട്ടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പ്രത്യേക പ്രതിനിധിയായി ആര്‍ച്ച് ബിഷപ്പ് ജിയോവാനിയെ മാര്‍പാപ്പ ചുമതലപ്പെടുത്തിയിരിന്നു. ആഗസ്റ്റ് അവസാനത്തോടെ നാമകരണ സംഘത്തിന്റെ ഉത്തരവാദിത്വം ജിയോവാനി ആഞ്ചലോ ഏറ്റെടുക്കും.


Related Articles »