News - 2025
പാവങ്ങളുടെ കണ്ണീരൊപ്പാന്‍ സിബിസിഐയുടെ മെഡിക്കൽ കോളേജ് പ്രവർത്തനസജ്ജം
സ്വന്തം ലേഖകന്‍ 04-06-2018 - Monday
റാഞ്ചി: ഭാരത കത്തോലിക്ക സഭയുടെ മെഡിക്കൽ കോളേജെന്ന സ്വപ്നം ജാർഖണ്ഡിൽ പൂവണിയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റാഞ്ചിയിലെ പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യ സംരക്ഷണാർത്ഥം മെഡിക്കൽ കോളേജ് പണിയണമെന്ന കർദ്ദിനാൾ ടെലസ്ഫോർ ടോപ്പോ പങ്കുവെച്ച സ്വപ്ന പദ്ധതിയാണ് ഭാരതത്തിലെ കത്തോലിക്ക മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ യാഥാർത്ഥ്യമാകുന്നത്. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ നിന്നും മുപ്പത് കിലോമീറ്റർ അകലെ മന്ദറിൽ നിർമ്മാണം പൂർത്തിയാക്കിയ 'കോൺസ്റ്റന്റ് ലിവെൻസ് ഹോസ്പിറ്റൽ ആൻറ് റിസേർച്ച് സെന്റർ' മുന്നൂറ്റിയമ്പത് ബെഡ് സൗകര്യങ്ങളോട് കൂടിയതാണ്.
1947-ൽ മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് മന്ദറിൽ സ്ഥാപിച്ച ഹോളി ഫാമിലി ആശുപത്രി മൂന്നു വർഷങ്ങൾക്ക് മുൻപ് ദേശീയ കത്തോലിക്ക മെത്രാൻ സമിതി ഏറ്റെടുക്കുകയായിരുന്നു. നൂറ്റിയമ്പത് ബെഡ് സൗകര്യമുള്ള ഹോളി ഫാമിലി ആശുപത്രിയോടൊപ്പം ഇരുനൂറ് കിടക്കകള്‍ കൂടിയ കെട്ടിട സമുച്ചയവും ഉൾപ്പെടുന്നതാണ് പുതിയ മെഡിക്കൽ കോളേജെന്ന് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്ന ഫാ. ജോർജ് പെക്കാടൻകുഴി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
2015 നവംബർ ഏഴിന് ഇരുപത് മെത്രാന്മാരുടെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി രഘുബാർ ദാസാണ് മെഡിക്കൽ കോളേജ് പദ്ധതിയുടെ തറകല്ലിടല്‍ നിർവ്വഹിച്ചത്. മെഡിക്കൽ കോളേജിനാവശ്യമായ ഇരുപത്തിയഞ്ച് ഏക്കറോളം സ്ഥലം ലഭിക്കുന്നതിന് നേരിട്ട കാലതാമസമാണ് പദ്ധതി വൈകുന്നതിന് കാരണമായത്. സംസ്ഥാനത്ത് റാഞ്ചി, ധൻബാദ്, ജംഷഡ്പുർ എന്നീ സ്ഥലങ്ങളിലായി മൂന്ന് മെഡിക്കൽ കോളേജുകൾ ഉണ്ടെങ്കിലും ആധുനിക ചികിത്സ സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിക്കുന്ന ആദ്യ സ്വകാര്യ ക്രിസ്ത്യൻ മെഡിക്കൽ കോളേജാണ് കോൺസ്റ്റന്റ് ലിവെൻസ് ഹോസ്പിറ്റൽ ആൻറ് റിസേർച്ച് സെന്റർ.