India - 2025
റവ. ഡോ. ടോമി പോള്‍ കക്കാട്ടുതടത്തില്‍ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റ്
സ്വന്തം ലേഖകന്‍ 05-06-2018 - Tuesday
ആലുവ: ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫിയുടെ പുതിയ പ്രസിഡന്റായി റവ. ഡോ. ടോമി പോള്‍ കക്കാട്ടുതടത്തില്‍ നിയമിതനായി. മൂന്നു വര്‍ഷം പ്രസിഡന്റായിരുന്ന റവ. ഡോ. ചാക്കോ പുത്തന്‍പുരയ്ക്കല്‍ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലേക്കാണ് വൈസ് പ്രസിഡന്റായിരുന്ന റവ. ഡോ. ടോമി പോളിന് പുതിയ ദൗത്യം നൽകിയിരിക്കുന്നത്. പാലാ രൂപതാംഗവും എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയുമായ റവ. ഡോ. ടോമി പോള്‍, വന്മേലില്‍ കക്കാട്ടുതടത്തില്‍ പരേതരായ കെ.സി. പോളിന്റെയും എലിസബത്തിന്റെയും മകനാണ്.
1986ല്‍ വൈദികനായ അദ്ദേഹം ബെല്‍ജിയത്തിലെ ലുവയിന്‍ സര്‍വ്വകലാശാലയില്‍ നിന്നു തത്ത്വശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും എടുത്തു. 1997 ജൂണ്‍ മുതല്‍ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥിരാധ്യാപകനായും കേരളത്തിലെ വിവിധ സെമിനാരികളിലും തത്ത്വശാസ്ത്ര കോളജുകളിലും ഗസ്റ്റ് ലക്ചറായും സേവനം ചെയ്തു വരികയാണ്. കേരള കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷനും ഇന്‍സ്റ്റിറ്റ്യൂട്ട് ചാന്‍സിലറുമായ ഡോ. സൂസപാക്യം വഴിയാണ് റവ. ഡോ. ടോമിയെ തിരഞ്ഞെടുത്തുകൊണ്ടുള്ള നിയമനരേഖ വത്തിക്കാനില്‍ നിന്നുള്ള ലഭിച്ചത്.