News - 2025

സുവിശേഷവത്കരണ പ്രവർത്തനങ്ങൾ സജീവമാക്കാൻ ജർമ്മൻ- ആഫ്രിക്കൻ മെത്രാന്‍മാര്‍

സ്വന്തം ലേഖകന്‍ 06-06-2018 - Wednesday

മഡഗാസ്കര്‍: സുവിശേഷവത്കരണ പ്രവർത്തനങ്ങൾ സജീവമാക്കാൻ മഡഗാസ്ക്കറിൽ ജർമ്മൻ - ആഫ്രിക്കൻ സഭാതലവന്മാർ ചര്‍ച്ച നടത്തി. മെയ് 22 മുതൽ 27 വരെ മഡഗാസ്കറിൽ നടന്ന ചര്‍ച്ചയില്‍ ജർമ്മൻ മെത്രാൻ സമിതി അദ്ധ്യക്ഷനായ കർദ്ദിനാൾ മാർക്സ്, സിംപോസിയം ഓഫ് എപ്പിസ്കോപ്പൽ കോൺഫറൻസ് ഓഫ് ആഫ്രിക്ക അദ്ധ്യക്ഷന്‍ ആർച്ച് ബിഷപ്പ് മബിലിംഗി ഉള്‍പ്പെടെയുള്ള ബിഷപ്പുമാര്‍ പങ്കെടുത്തു. സുവിശേഷവത്ക്കരണത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെ സഭകളിലും മിഷൻ പ്രവർത്തനങ്ങൾ സജീവമായി നടത്താൻ പദ്ധതി തയ്യാറാക്കിയതായി ലുബാങ്ങോ ആർച്ച് ബിഷപ്പ് ഗബ്രിയേൽ മബിലിംഗിയും മ്യൂണിച്ച്-ഫ്രീസിങ്ങ് രൂപതാദ്ധ്യക്ഷന്‍ കർദ്ദിനാൾ മാർക്സും ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

അത്യാഗ്രഹം, അഴിമതി, അനീതി, പരസ്പര കലഹം എന്നിവ വഴി ദാരിദ്ര്യം, രോഗം, നിരാശ എന്നിങ്ങനെയുള്ള ദുരിതങ്ങളിലൂടെ ആഫ്രിക്കൻ ജനത കടന്നുപോകുകയാണ്. അതേസമയം, യൂറോപ്പിലാകട്ടെ, ആത്മീയ നന്മകളുടെ അഭാവവും, ഉപഭോഗ സംസ്കാരവും, ദയാവധം -ഭ്രൂണഹത്യ അനുകൂല നിലപാടും നിലനില്പിന് ഭീഷണിയായി മാറിയിരിക്കുന്നു. ക്രിസ്തുവിനെ ജീവിതത്തില്‍ സ്വാംശീകരിച്ച് മനസാക്ഷിയുടെ രാഷ്ട്രീയവും സാമൂഹ്യ-സാമ്പത്തികവുമായ വിലയിരുത്തലുകളേക്കാൾ ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാൻ ഓരോരുത്തരും തയ്യാറാകണം. സുവിശേഷവത്കരണം വഴി ദൈവവുമായും മനുഷ്യരുമായും ബന്ധം സുദൃഢമാക്കുമ്പോൾ മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കാനും സകല മനുഷ്യരേയും സേവിക്കാൻ സന്നദ്ധരായ വിശ്വാസികളെയും രൂപപ്പെടുത്താനാകും. ബിഷപ്പുമാര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

വാഴ്ത്തപ്പെട്ട പോൾ ആറാമൻ പാപ്പയുടെ പോപ്പുലോരും പ്രോഗ്രസിയോ (ജനതകളുടെ പുരോഗതി), ബനഡിക്റ്റ് പതിനാറാമൻ പാപ്പയുടെ കാരിത്താസ് ഇൻ വെരിത്തേത്ത്, ഫ്രാൻസിസ് പാപ്പയുടെ ലൗദോത്തോ സീ എന്നീ ചാക്രിക ലേഖനങ്ങൾ അടിസ്ഥാനമാക്കിയും ചര്‍ച്ചകള്‍ നടന്നു. നീതിപൂർവകമായ ലോകത്തിന് വേണ്ടി പ്രവർത്തിക്കുക, ഭൂമിയുടെ സന്തുലിതാവസ്ഥ മനസ്സിലാക്കി പദ്ധതികൾ വിഭാവനം ചെയ്യുക, സമൂഹത്തിന്റെ വിവിധ തലങ്ങളിലെ സ്ത്രീ ശാക്തീകരണം, സമഗ്ര മാനവിക വികസനം ലക്ഷ്യമാക്കിയുള്ള സുവിശേഷവത്കരണം, ആഫ്രിക്കൻ ജർമ്മൻ സഭകളുടെ തുടർച്ചയായ സന്ധി സംഭാഷണങ്ങൾ തുടങ്ങിയവയാണ് ചര്‍ച്ചയില്‍ എടുത്ത പ്രധാനപ്പെട്ട തീരുമാനങ്ങൾ.

സഭയുടെ സമ്പത്തും അവസരങ്ങളും വിശ്വാസം, സ്നേഹം, പ്രതീക്ഷ എന്നിവയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കണം. എട്ടാമത് സെമിനാറിൽ, ജർമ്മൻ ആഫ്രിക്കൻ മെത്രാന്മാർ പ്രാദേശിക സഭകളുടെ വികസനവും ഇടയന്മാർ തമ്മിൽ രാഷ്ട്രഭേദമെന്യേ ഐക്യദാർഢ്യത്തോടെ സുവിശേഷവത്കരണത്തിലെ പങ്കാളിത്തം എന്നിവ സംബന്ധിച്ച് ധാരണയിലെത്തി. ഇരുസഭകൾ തമ്മിലുള്ള ബന്ധം ആഴപ്പെടാനും കൂടിക്കാഴ്ച ഇടയാക്കിയതായി സഭാദ്ധ്യക്ഷന്മാർ അഭിപ്രായപ്പെട്ടു. 1982 മുതൽ ആണ് ആഫ്രിക്കന്‍- ജര്‍മ്മന്‍ മെത്രാന്‍മാര്‍ നാലോ അഞ്ചോ വർഷം കൂടുമ്പോൾ പരസ്പരം ചര്‍ച്ച നടത്തുന്ന പരിപാടിക്ക് തുടക്കം കുറിച്ചത്.


Related Articles »