India - 2024

കര്‍ദ്ദിനാളിന്റെ കോലം കത്തിച്ചത് നീചമായ പ്രവര്‍ത്തി: പാലാ രൂപത

സ്വന്തം ലേഖകന്‍ 09-06-2018 - Saturday

പാലാ: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ച് അപമാനിച്ച നടപടി തികച്ചും നിന്ദ്യവും നീചവുമാണെന്നു പാലാ ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന വൈദിക അല്‍മായ നേതൃസമ്മേളനം. മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സമൂഹമധ്യത്തില്‍ തേജോവധം ചെയ്യുന്നതും വ്യക്തിഹത്യ നടത്തുന്നതും ലോകമെന്പാടുമുള്ള സഭാവിശ്വാസികളെ ആഴത്തില്‍ മുറിപ്പെടുത്തുന്നതാണെന്നും ഇത്തരത്തില്‍ ഒരു നടപടിയും അനുവദിക്കാനാവില്ലായെന്നും സമ്മേളനം വ്യക്തമാക്കി.

സഭാതലവനു തന്റെ അജപാലന ധര്‍മങ്ങള്‍ സ്വതന്ത്രമായി നിര്‍വഹിക്കുന്നതിന് ആവശ്യമായ നിയമ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണം. സഭാനേതൃത്വത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാന്‍ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വിധത്തിലുള്ള ഒരു നടപടിയും അനുവദിക്കാനാവില്ല. ഇത്തരം നീചമായ പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ സഭാനേതൃത്വം തയാറാകണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷതവഹിച്ചു.

മാര്‍ ജേക്കബ് മുരിക്കന്‍, മോണ്‍. ജോസഫ് കൊല്ലംപറന്പില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് മലേപറന്പില്‍, വൈദിക സമിതി സെക്രട്ടറി റവ.ഡോ.ജോര്‍ജ് ഞാറക്കുന്നേല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.സിറിയക് തോമസ്, സെക്രട്ടറി സിജു സെബാസ്റ്റ്യന്‍, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഡോ. സാബു ഡി. മാത്യു, കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സാജു അലക്‌സ്, രൂപത പ്രസിഡന്റ് രാജീവ് കൊച്ചുപറന്പില്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപതയിലെ വിവിധ സംഘടനാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.


Related Articles »