India - 2024

കന്തീശങ്ങളുടെ തിരുനാളില്‍ ഇരട്ട സംഗമത്തിനു എത്തിയത് 1,360 ജോടി ഇരട്ടകള്‍

സ്വന്തം ലേഖകന്‍ 10-06-2018 - Sunday

കടുത്തുരുത്തി: കോതനല്ലൂര്‍ ഫൊറോന പള്ളിയിലെ ഇടവക മധ്യസ്ഥരും ഇരട്ട വിശുദ്ധരുമായ കന്തീശങ്ങളുടെ (വിശുദ്ധ ഗര്‍വാസീസ്, വിശുദ്ധ പ്രോത്താസീസ്) തിരുനാളിനോടനുബന്ധിച്ചു നടന്ന ഇരട്ട സംഗമത്തില്‍ ഇത്തവണയെത്തിയത് 1,360 ജോടി ഇരട്ടകള്‍. എട്ട് ജോഡി മൂവര്‍ സംഘവും സംഗമത്തില്‍ പങ്കെടുത്തു. എട്ടു ജോഡി വൈദികരും ഏഴ് ജോഡി സിസ്‌റ്റേഴ്‌സും സംഗമത്തില്‍ പങ്കെടുത്തു. ഇരട്ടകള്‍ ഇരട്ടകളെ ജീവിത പങ്കാളികളാക്കിയ 16 ജോഡി ദന്പതികളും സംഗമത്തിനെത്തി.

ഫാ.റോബി കണ്ണന്‍ചിറ സിഎംഐ, ഫാ.റോയി കണ്ണന്‍ചിറ സിഎംഐ, ഫാ.ജോസഫ് ചൂളപ്പറമ്പില്‍ സിഎംഐ, ഫാ.തോമസ് ചൂളപ്പറമ്പില്‍ (ചങ്ങനാശേരി), ഫാ.റോജി മനയ്ക്കപ്പറമ്പില്‍ സിഎംഐ, ഫാ.റെജി മനയ്ക്കപ്പറമ്പില്‍ സിഎംഐ, ഫാ.ജസ്റ്റിന്‍ കായംകുളത്തുശേരി (ചങ്ങനാശേരി), ഫാ.ബെന്നി കായംകുളത്തുശേരി (ചങ്ങനാശേരി), ഫാ.ജോസഫ് കൊല്ലംകൊമ്പില്‍ (ഇടുക്കി), ഫാ.ആന്റണി കൊല്ലംകൊമ്പില്‍ സിഎസ്ടി, ഫാ.ജിസ് കളപ്പുരയ്ക്കല്‍ (തലശേരി), ഫാ.ജിത്തു കളപ്പുരയ്ക്കല്‍ (തലശേരി), ഫാ.ജസ്റ്റിന്‍ തയ്യില്‍ (നോര്‍ബര്‍ട്ടെയന്‍സ്), ഫാ.അഗസ്റ്റിന്‍ തയ്യില്‍ ഒഎസ്ബി എന്നിവരാണ് സംഗമത്തിനെത്തിയ ജോടികളായ ഇരട്ട വൈദികര്‍. മാഞ്ഞൂര്‍ സൗത്ത് എട്ടുകാട്ടില്‍ സോണി ജെ.സൈമണ്‍അനു ദന്പതികളുടെ മക്കളായ കഴിഞ്ഞ മാര്‍ച്ച് 26ന് ജനിച്ച ജോര്‍ജും ലൂക്കായുമാണ് സംഗമത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞവര്‍. കോതനല്ലൂര്‍ ഫൊറോന പളളി ഇടവകാംഗങ്ങളും ഇരട്ട പുണ്യവാളന്‍മാരുടെ നാമധാരികളുമായ 1927 ഒക്ടോബര്‍ മൂന്നിനു ജനിച്ച പുളിക്കാനിക്കല്‍ ഗര്‍വാസീസും ചന്ദ്രപുരയില്‍ പ്രോത്താസീസുമാണ് സംഗമത്തിനെത്തിയവരിലെ മുതിര്‍ന്നവര്‍. തുടര്‍ച്ചയായ 12ാം വര്‍ഷമാണ് ഇരുവരും സംഗമത്തില്‍ പങ്കെടുക്കുന്നത്.

രാവിലെ സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ ഇരട്ട വൈദികര്‍ സഹകാര്‍മികരായി. തിരുനാള്‍ പ്രദക്ഷിണത്തില്‍ വിശുദ്ധരുടെ തിരുശേഷിപ്പ് വഹിച്ചതും ഇരട്ടവൈദികരായിരുന്നു. മുത്തുകുടകളേന്തിയ ഇരട്ടസഹോദങ്ങള്‍ പ്രദക്ഷിണത്തില്‍ കന്തീശങ്ങള്‍ക്ക് അകമ്പടി സേവിച്ചു. സംഗമത്തില്‍ പങ്കെടുത്ത ഇരട്ടസഹോദരങ്ങളെ കന്തീശങ്ങള്‍ക്കു സമര്‍പ്പിക്കുന്ന ശുശ്രൂഷകള്‍ക്ക് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഇരട്ടകള്‍ക്കായി സ്‌നേഹവിരുന്നും ഫോട്ടോ സെഷനും നടന്നു.


Related Articles »