News - 2024

സ്വജീവന്‍പോലും വകവെക്കാതെ ഗാസയില്‍ സേവനവുമായി ഇരട്ടസഹോദരികളായ കന്യാസ്ത്രീകള്‍

പ്രവാചകശബ്ദം 27-10-2023 - Friday

ജെറുസലേം: ഇസ്രായേല്‍ - ഹമാസ് യുദ്ധം കൂടുതല്‍ രക്തരൂക്ഷിതമായി കൊണ്ടിരിക്കുന്നതിനിടയില്‍ സ്വന്തം ജീവന്‍ പോലും വകവെക്കാതെ ഗാസയില്‍ തുടര്‍ന്നുകൊണ്ട് പാവപ്പെട്ടവരെ സഹായിക്കുന്ന ഇരട്ട സഹോദരികളായ കത്തോലിക്ക കന്യാസ്ത്രീകള്‍ സമര്‍പ്പിത ജീവിതത്തിന്റെ ഉദാത്ത മാതൃകയാകുന്നു. റിലീജിയസ് മിഷണറീസ് ഓഫ് ദി ഫാമിലി ഓഫ് ഇന്‍കാര്‍നേറ്റ് വേര്‍ഡ് സമൂഹാംഗങ്ങളായ സിസ്റ്റര്‍ മരിയ ഡെല്‍ പിലാറിന്റേയും, സിസ്റ്റര്‍ മരിയ ഡെല്‍ പെര്‍പെറ്റുവോ സോക്കോറൊ ലെരേണ വര്‍ഗാസിന്റേയും ത്യാഗത്തിന്റെ ജീവിതകഥ ഇക്കഴിഞ്ഞ ദിവസമാണ് മാധ്യമ ശ്രദ്ധ നേടുന്നത്.

ഈജിപ്തിലേക്ക് രക്ഷപ്പെടുവാന്‍ അവസരം ലഭിച്ചിട്ടും പെറു സ്വദേശിനികളായ ഈ കത്തോലിക്ക സന്യാസിനികള്‍ യുദ്ധത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന പാവങ്ങള്‍ക്കിടയില്‍ സേവനം ചെയ്യുവാന്‍ ഗാസയില്‍ തുടരുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഈജിപ്തിലെ പെറുവിന്റെ നയതന്ത്രപ്രതിനിധിയായ ജോസ് ഗുയില്ലര്‍മൊ ബെറ്റാന്‍കോര്‍ട്ട് വെളിപ്പെടുത്തി. പ്രായമായവരും, രോഗികളും, മുറിവേറ്റവരും, വികലാംഗരുമായ അറുനൂറോളം അടങ്ങുന്ന സമൂഹത്തിനിടയിലാണ് ഈ സന്യാസിനികള്‍ സേവനം ചെയ്തുവരുന്നത്.

നിലവില്‍ വടക്കന്‍ ഗാസാ മുനമ്പിലാണ് ഈ സന്യാസിനികള്‍ പ്രേഷിത വേല തുടരുന്നത്. ഈജിപ്ത് അതിര്‍ത്തിയിലുള്ള ഈ മേഖല ഏറ്റവും പ്രശ്ന ബാധിത സ്ഥലങ്ങളിലൊന്നാണ്. ഹമാസിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഒക്ടോബര്‍ 24-ന് ഈ മേഖലയില്‍ കനത്ത ആക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. മേഖലയിലെ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ കുടുംബങ്ങളേയും, പരിക്കേറ്റവരേയും സഹായിക്കുവാനാണ് ഈ സന്യാസിനികള്‍ ഗാസ മുനമ്പില്‍ തുടരുന്നതെന്നു ബെറ്റാന്‍കോര്‍ട്ട് വെളിപ്പെടുത്തി.

തങ്ങളുടെ പരിപാലനയില്‍ കഴിയുന്നവര്‍ക്ക് അത്യാവശ്യം വേണ്ട സാധനങ്ങള്‍ ഒന്നും ലഭ്യമല്ലെന്നു സിസ്റ്റര്‍ മരിയ ഡെല്‍ പിലാര്‍ ‘വോസ് കത്തോലിക്കാ’ക്ക് നല്‍കിയ ഓഡിയോ സന്ദേശത്തില്‍ വെളിപ്പെടുത്തിയിരിന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ വീട് ഇടിഞ്ഞുവീണ് കൊല്ലപ്പെട്ട 18 ക്രൈസ്തവരുടെ മൃതസംസ്കാര കര്‍മ്മത്തില്‍ പങ്കെടുത്തിരുന്നുവെന്നും അത് വളരെ വേദനാജനകമായിരുന്നുവെന്നും സിസ്റ്റര്‍ പറയുന്നു. നിസ്സാര പരിക്ക് സംഭവിച്ചവരെ ചികിത്സിക്കുവാനുള്ള സൗകര്യം ഹോളി ഫാമിലി ഇടവകയില്‍ ഒരുക്കിയിട്ടുണ്ട്. കിണറ്റില്‍ നിന്നുള്ള വെള്ളമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. അത് എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് ഞങ്ങള്‍ക്കറിയില്ല. ഇപ്പോള്‍ ഇടവക ദേവാലയത്തില്‍ ദിവസംതോറും 2 വിശുദ്ധ കുര്‍ബാന വീതം അര്‍പ്പിക്കുന്നുണ്ടെന്നും സിസ്റ്റര്‍ വിവരിച്ചു.


Related Articles »