News - 2025
നാമകരണ നടപടികള്‍ക്കായുള്ള സംഘം പുതിയ പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ചു
സ്വന്തം ലേഖകന്‍ 10-06-2018 - Sunday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘം ഏഴുപേരുടെ നാമകരണ പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിച്ചു. വാഴ്ത്തപ്പെട്ട നുണ്‍സിയൊ സുള്‍പ്രീത്സിയൊയുടെ വിശുദ്ധ പദവി, മെക്സിക്കോ സ്വദേശിനിയും കുടുംബിനിയുമായിരുന്ന ദൈവദാസി കൊണ്‍ചെത്സിയോനെ കബ്രേറ അരിയാസ്, സ്പെയിന്‍ സ്വദേശിനി ദൈവദാസി മരിയ ഗ്വാഡലൂപെ ഓര്‍ത്തിസ് ദെ ലന്താത്സൂറി എന്നിവരുടെ വാഴ്ത്തപ്പെട്ട പദവിയും അര്‍ജന്‍റീനയില്‍ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട ഒരു മെത്രാനും 2 വൈദികരും ഒരു അത്മായവിശ്വാസിയും ഉള്‍പ്പെട്ട 4 പേരുടെ രക്തസാക്ഷിത്വവുമാണ് തിരുസംഘം അംഗീകരിച്ചത്.
നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോക്ക് വെള്ളിയാഴ്ച (08/06/18) അനുവദിച്ച കൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സിസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ചാണ് പ്രഖ്യാപനങ്ങള്‍ പ്രസ്തുത സംഘം പുറപ്പെടുവിച്ചത്. വാഴ്‍ത്തപ്പെട്ട നുണ്‍സിയൊയുടെ മാധ്യസ്ഥത്തില്‍ നടന്ന അത്ഭുതം അംഗീകരിച്ചതിനെ തുടര്‍ന്നാണ് വിശുദ്ധ പദത്തിലേക്കുയര്‍ത്തുന്നതിന് തീരുമാനമായിരിക്കുന്നത്. 1976 ല്‍ അര്‍ജന്‍റീനയില്‍ കത്തോലിക്ക വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട ബിഷപ്പ് ആഞ്ചെലൊ കര്‍ലേത്തി, രൂപതാ വൈദികന്‍ ഫാ. ഗബ്രിയേലെ ജുസേപ്പെ, ഫ്രാന്‍സിസ്കന്‍ വൈദികന്‍ ഫാ. കാര്‍ലൊ ദി ദിയൊ മുരിയാസ്, കുടുംബനാഥനായിരുന്ന വെന്‍ചെസ്ലാവൊ പെദെര്‍നെറ എന്നിവരെയാണ് രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്.