News - 2025
അഡെലേയിഡ് ട്രെങ്ഗിലോണിനെ ഇന്നു വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും
സ്വന്തം ലേഖകന്‍ 10-06-2018 - Sunday
പാരീസ്: അമലോത്ഭവമറിയത്തിന്‍റെ പുത്രികള്‍ എന്ന സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക അഡെലേയിഡ് ദെ ബാറ്റ്സ് ദെ ട്രെങ്ഗിലോണിനെ ഇന്നു വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. ഫ്രാന്‍സിലെ ഏജനില്‍ നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ മുഖ്യകാര്‍മ്മികത്വം വഹിക്കും. 1789 ജൂണ്‍ 10 ന് ഫ്രാന്‍സിലെ ഫ്യഗെറോല്ലസ് എന്ന പ്രദേശത്ത് ജനിച്ച അഡെലേയിഡ് ദെ ബാറ്റ്സ് ജനിച്ച ദിവസം തന്നെ മാമ്മോദീസാ മുക്കപ്പെട്ടിരിന്നു. പ്രായമെത്തിയപ്പോള്‍ ജന്മദിനത്തിനു പകരം തന്‍റെ ജ്ഞാന സ്നാനവാര്‍ഷികമാണ് അവര്‍ ഏറെ പരിഗണന കൊടുത്തു സ്മരിച്ചിരുന്നത്.
1797-ല്‍ ഫ്രഞ്ചു വിപ്ലവം രൂക്ഷമായപ്പോള്‍ അഡെലേയിഡിന്റെ കുടുംബം സ്പെയിനിലേക്ക് പലായനം ചെയ്തു. ആദ്യ കുര്‍ബാന സ്വീകരിച്ച നാള്‍മുതല്‍ കര്‍മ്മലീത്താ സമൂഹത്തില്‍ ചേരണമെന്ന ആഗ്രഹം അവള്‍ പ്രകടിപ്പിച്ചിരിന്നു. പിന്നീട് ഫ്രാന്‍സില്‍ തിരിച്ചെത്തിയതിനു ശേഷം 1804 ല്‍ അവള്‍ ചെറിയ ഒരു കൂട്ടായ്മയ്ക്കു രൂപം നല്കി. അതിന് ഫ്രഞ്ച് വൈദികനായ ഫാ. ഗ്വിയെം ജോസഫ് ഷമിനാദ് സ്ഥാപിച്ച മരിയന്‍ സമൂഹവുമായി സാമ്യമുണ്ടായിരുന്നു. തുടര്‍ന്നു ഫാ. ഷമിനാദിന്‍റെ ആദ്ധ്യാത്മക സഹായത്തോടുകൂടി അഡെലേയിഡ് തന്‍റെ സമുഹത്തെ 'അമലോത്മവ മറിയത്തിന്‍റെ പുത്രികള്‍' എന്ന സന്യാസിനി സമൂഹമാക്കി മാറ്റി.
1816 മെയ് 25ന് ഏജന്‍ ആസ്ഥാനമാക്കിയായിരിന്നു സമൂഹത്തിന്റെ ആരംഭം. താന്‍ തന്നെ സ്ഥാപിച്ച സന്യാസിനി സമൂഹത്തില്‍ വ്രതവാഗ്ദാനം നടത്തിയ അഡെലേയിഡ് 'അമലോത്ഭവത്തിന്‍റെ മറിയം' എന്ന നാമം സ്വീകരിച്ചു. 1828 ജനുവരി 10 ന് 38-മത്തെ വയസ്സില്‍ ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു നിത്യസന്നിധിയിലേക്ക് യാത്രയായി. 'ദാവീദിന്‍ പുത്രന് ഓശാന' എന്നായിരിന്നു അവള്‍ മരിക്കുന്നതിന് മുന്‍പ് അവസാനമായി പറഞ്ഞ വാക്ക്. 1966 മാര്‍ച്ച് 21നാണ് നാമകരണ നടപടികള്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അഡെലേയിഡ് ട്രെങ്ഗിലോണിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്താന്‍ മാര്‍പാപ്പ അനുമതി നല്‍കുകയായിരിന്നു.