News - 2025
മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ക്കുള്ള സഹായം നല്‍കുമെന്ന് ആവര്‍ത്തിച്ച് മൈക്ക് പെന്‍സ്
സ്വന്തം ലേഖകന്‍ 12-06-2018 - Tuesday
വാഷിംഗ്ടണ്‍: ഇറാഖിലെയും സിറിയയിലെയും പീഡനത്തിന് ഇരകളാകുന്ന ക്രൈസ്തവര്‍ക്ക് അമേരിക്ക നേരിട്ട് സഹായമെത്തിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കു അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിന്റെ ഉറപ്പ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി റാല്‍ഫ് റീഡ്സ് ഫെയിത്ത് & സഖ്യം സംഘടിപ്പിച്ച ‘റോഡ് ടു മെജോരിറ്റി 2018’ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഇക്കാര്യം അദ്ദേഹം ആവര്‍ത്തിച്ചത്. വാഗ്ദാനം ചെയ്യപ്പെട്ട സഹായം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ന്യൂനപക്ഷ സംഘങ്ങള്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ ഉറപ്പ്.
കഴിഞ്ഞ 7 മാസങ്ങള്‍ക്കുള്ളില്‍ ധനസഹായ വിതരണത്തില്‍ പുരോഗതി ഉണ്ടാക്കിയിട്ടുണ്ടെന്ന്‍ പെന്‍സ് അറിയിച്ചു. ഭരണകൂടം 11 കോടി ഡോളറിന്റെ സഹായം നല്‍കികഴിഞ്ഞുവെന്നും കൂടുതല്‍ ധനസഹായം എത്തിക്കുവാനുള്ള നടപടികള്‍ നടക്കുകയാണെന്നും പെന്‍സ് കൂട്ടിച്ചേര്‍ത്തു. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുവേണ്ട സഹായമെത്തിക്കുവാനായി യുഎസ് എയിഡിന്റെ അഡ്മിനിസ്ട്രേറ്ററായ മാര്‍ക്ക് ഗ്രീനിനോട് ഇറാഖ് സന്ദര്‍ശിച്ച് സമഗ്ര അവലോകനം നടത്തുവാന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടിട്ടുണ്ടെന്നും പെന്‍സ് അറിയിച്ചു.
ഐക്യരാഷ്ട്ര സഭ വഴി മധ്യപൂര്‍വ്വേഷ്യയില്‍ നടത്തുന്ന സഹായങ്ങള്‍ അര്‍ഹരായ മതന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ക്രിസ്ത്യാനികളെ അമേരിക്ക നേരിട്ട് സഹായിക്കുമെന്ന്‍ മൈക്ക് പെന്‍സ് പ്രഖ്യാപനം നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ്സ് അടക്കമുള്ള മുസ്ലീം തീവ്രവാദ സംഘടനകള്‍ നടത്തുന്ന വംശഹത്യക്കിരയായിക്കൊണ്ടിരിക്കുന്ന മധ്യപൂര്‍വ്വേഷ്യന്‍ ക്രിസ്ത്യാനികള്‍ക്ക് നേരിട്ടു സഹായമെത്തിക്കുവാനുള്ള ഭരണകൂടത്തിന്റെ പ്രഖ്യാപനം വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
എന്നാല്‍ ചില ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് സഹായം ഇതുവരെ ലഭിച്ചിട്ടില്ലായെന്നു ആരോപണം ഉയര്‍ന്നിരിന്നു. അതേസമയം ഇറാഖിലെ ക്രിസ്ത്യന്‍, യഹൂദ മതന്യൂനപക്ഷങ്ങളെ സഹായിക്കുക എന്നത് തങ്ങളുടെ പ്രധാന അജണ്ടയാണെന്ന് പെന്‍സിന്റെ പ്രസ്സ് സെക്രട്ടറി അലീസ്സ ഫാറ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥ തലങ്ങളിലെ കാലതാമസമാണ് സഹായമെത്തിക്കുന്നതിലെ പ്രധാന തടസ്സമെന്നും ഈ കാലതാമസമൊഴിവാക്കുന്നതിനുള്ള നടപടികള്‍ തങ്ങള്‍ കൈകൊണ്ടുവരികയാണെന്നും അലീസ്സ കുറിച്ചു.