News
ക്രൈസ്തവ വിശ്വാസം മധ്യപൂര്‍വ്വേഷ്യയുടെ അവിഭാജ്യ ഘടകം: യുഎന്‍ സെക്രട്ടറി ജനറല്‍
സ്വന്തം ലേഖകന്‍ 22-06-2018 - Friday
മോസ്ക്കോ: ക്രൈസ്തവ വിശ്വാസം മധ്യപൂര്‍വ്വേഷ്യന്‍ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്നു ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്. ജൂണ്‍ 20 ബുധനാഴ്ച മോസ്കോയില്‍ വെച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവനായ പാത്രിയാര്‍ക്കീസ് കിറിലുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അടിച്ചമര്‍ത്തലും അക്രമവും മൂലം മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും പലായനം ചെയ്ത ക്രിസ്ത്യാനികളേ തിരികെ കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും പലായനം ചെയ്ത ക്രിസ്ത്യാനികളുടെ മടങ്ങിവരവിനെ പ്രോത്സാഹിപ്പിക്കണം. ഇതിനായി മധ്യപൂര്‍വ്വേഷ്യയില്‍ രാഷ്ട്രീയ സുസ്ഥിരത ഉറപ്പാക്കേണ്ടതുണ്ട്. സിറിയ പോലെയുള്ള മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഗുട്ടെറെസ് പറഞ്ഞു. മതസൗഹാര്‍ദ്ദത്തിനും, വിവിധ മതങ്ങള്‍ തമ്മിലുള്ള സംവാദത്തിനും മോസ്കോയിലെ പാത്രിയാര്‍ക്കേറ്റ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുവാനും യുഎന്‍ സെക്രട്ടറി ജനറല്‍ മറന്നില്ല.
മോസ്കോ സന്ദര്‍ശനത്തിനിടയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിന്‍, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെ ലാവ്റോവ് തുടങ്ങിയവരുമായും യുഎന്‍ സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ഒക്ടോബറില്‍ ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായി ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ട അന്റോണിയോ ഗുട്ടെറെസ് കത്തോലിക്ക വിശ്വാസിയും പോര്‍ച്ചുഗലിന്റെ മുന്‍ പ്രധാനമന്ത്രിയുമാണ്. ഗര്‍ഭഛിദ്രത്തിന് എതിരെ ശക്തമായ പ്രസ്താവനകള്‍ നടത്തി ശ്രദ്ധ നേടിയ നേതാവ് കൂടിയാണ് അന്റോണിയോ.