News - 2025

തടങ്കലിലാക്കിയ മെത്രാനു വേണ്ടി സ്വരമുയര്‍ത്തി യു‌എന്‍: സുരക്ഷിതനെന്ന് നിക്കരാഗ്വേ

പ്രവാചകശബ്ദം 06-12-2023 - Wednesday

മനാഗ്വേ: നിക്കരാഗ്വേയില്‍ തടവിലാക്കിയിരിക്കുന്ന കത്തോലിക്ക മെത്രാനായ റോളാണ്ടോ അൽവാരെസിന് മറ്റുള്ള തടവുകാരുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്ന അവകാശവാദവുമായ ലാറ്റിന്‍ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേ. ബിഷപ്പ് അൽവാരെസ് അന്യായമായി തടവിൽ കഴിയുന്നതിൽ ഈ മാസം ആദ്യം ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ പ്രവർത്തകർ ആശങ്ക പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിക്കരാഗ്വേ പ്രതികരണം നടത്തിയിരിക്കുന്നത്. 26 വർഷത്തെ ശിക്ഷയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

രാജ്യത്തെ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഏകാധിപത്യത്തിനെതിരെ രൂക്ഷമായി വിമർശിച്ചുക്കൊണ്ടിരുന്ന ബിഷപ്പ് റോളാണ്ടോ അൽവാരെസിനെ 222 തടവുകാരോടൊപ്പം അമേരിക്കയിലേക്ക് കടത്താൻ ശ്രമം നടന്നിരുന്നു. എന്നാൽ അദ്ദേഹം രാജ്യം വിടാൻ കൂട്ടാക്കിയില്ല. രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമം നടത്തി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മെത്രാനെതിരെ ചുമത്തിയിരിക്കുന്നത്. തടവുകാർക്ക് നൽകുന്നതിനേക്കാൾ ആനുകൂല്യങ്ങൾ, ഡോക്ടർമാരെ കാണാൻ സൗകര്യം ഒരുക്കുന്നതിൽ അടക്കം നൽകുന്നുണ്ടെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. മറ്റുള്ള പ്രചാരണങ്ങൾക്ക് വിപരീതമായി കുടുംബങ്ങളെ കാണാനും, വസ്തുക്കള്‍ സ്വീകരിക്കാനും നിയമത്തിന് വിധേയമായി അവസരം നൽകുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

തടവിലാക്കിയിരിക്കുന്ന ആളുകൾക്ക് നൽകേണ്ട മനുഷ്യാവകാശ പരിഗണനകളെ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ ഇറക്കിയിരിക്കുന്ന നെൽസൺ മണ്ടേല നിയമങ്ങൾക്ക് വിരുദ്ധമായിട്ടാണ് ബിഷപ്പിനെ ഇപ്പോൾ ഒറ്റയ്ക്ക് തടവറയിലാക്കിയിരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ധരായ നാസില ഗാനിയയും, അയറിൻ ഖാനും നവംബർ ഏഴാം തീയതി ആരോപിച്ചിരിന്നു. അദ്ദേഹത്തെ ഉടനടി മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. നവംബർ പതിനെട്ടാം തീയതി തടവിൽ ആക്കിയിരുന്ന 12 വൈദികരെ ഭരണകൂടം റോമിലേക്ക് വത്തിക്കാനുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ അയച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. മതഗൽപ്പ മെത്രാനായ അൽവാരസ് മാത്രമാണ് ഇപ്പോൾ രാജ്യത്ത് ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏക സഭാനേതാവ്.


Related Articles »