News

മാര്‍ ജേക്കബ് മനത്തോടത്ത് ചുമതലയേറ്റു

സ്വന്തം ലേഖകന്‍ 23-06-2018 - Saturday

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി മാര്‍ ജേക്കബ് മനത്തോടത്ത് ചുമതലയേറ്റു. സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പുതിയ ദൌത്യമേറ്റെടുത്തത്. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സിലര്‍ ഫാ.ആന്റണി കൊള്ളന്നൂര്‍ നിയമന ഉത്തരവും പരിഭാഷ അതിരൂപതാ പ്രോ വൈസ് ചാന്‍സിലര്‍ ഫാ.ജോസ് പൊള്ളയിലും വായിച്ചു.

പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രിയുടെ സന്ദേശം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ വായിച്ചു. ചടങ്ങുകള്‍ക്ക് ശേഷം ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയും നടന്നു. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായി. വൈദികരും സന്യസ്ഥരും വിശ്വാസികളുമടക്കം നൂറുകണക്കിന് ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്.


Related Articles »