News - 2025

‘റോസറി കോസ്റ്റ് റ്റു കോസ്റ്റ്’: ആത്മീയ ആയുധം ധരിക്കാന്‍ അമേരിക്കയില്‍ വീണ്ടും ജപമാലയത്നം

സ്വന്തം ലേഖകന്‍ 27-06-2018 - Wednesday

മാഡിസണ്‍: രാജ്യം നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് വീണ്ടും ജപമാലയത്നവുമായി അമേരിക്കയിലെ കത്തോലിക്ക സഭാനേതൃത്വം. ഫെബ്രുവരി 2നു നടന്ന ‘റോസറി റ്റു ഇന്റീരിയര്‍’ ജപമാലയത്നത്തിന് പിന്നാലെയാണ് ഒക്ടോബര്‍ 7-ന് ദേശവ്യാപകമായി “റോസറി കോസ്റ്റ് റ്റു കോസ്റ്റ്” എന്ന പേരില്‍ വീണ്ടും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ അമേരിക്ക ഒരുങ്ങുന്നത്. റോസറി കോസ്റ്റ് റ്റു കോസ്റ്റില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് പരിപാടിയുടെ പ്രചാരണാര്‍ത്ഥം പുറത്തിറക്കിയ വീഡിയോയിലൂടെ വിസ്കോണ്‍സിനിലെ മാഡിസണ്‍ രൂപതയിലെ മെത്രാന്‍ റോബര്‍ട്ട് സി. മൊര്‍ലീനോ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

തിന്മയുടെ ശക്തികള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ പരിശുദ്ധ കന്യകാമാതാവിനോട് മാദ്ധ്യസ്ഥസഹായം അഭ്യര്‍ത്ഥിക്കുകയാണ്. സര്‍പ്പത്തിന്റെ തല തകര്‍ത്തത് പരിശുദ്ധ കന്യകാ മറിയത്തിന്റെ കാല്‍പ്പാദമാണെന്ന കാര്യം മറക്കരുത്. നമ്മുടെ പ്രാര്‍ത്ഥനാ ശക്തികൊണ്ടും കരുണ കൊണ്ടുമാണ് വിശ്വാസം നഷ്ട്ടപ്പെടുന്ന പ്രവണതയെ പ്രതിരോധിക്കേണ്ടത്. നമ്മുടെ രാജ്യത്തിന്റെ ഒരു ശക്തമായ സാക്ഷ്യമായിരിക്കും 'റോസറി കോസ്റ്റ് റ്റു കോസ്റ്റ്'. ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോട് നന്ദി പറയുന്നതിനുള്ള ഏറ്റവും നല്ല അവസരം കൂടിയാണ് ജപമാലയത്നമെന്നും മൊര്‍ലീനോ മെത്രാന്‍ വിവരിച്ചു.

റോമന്‍ കാത്തലിക്മാന്‍ ബ്ലോഗിന്റെ ഉടമയായ ഫാ. റിച്ചാര്‍ഡ് ഹെയില്‍മാനും റോസറി കോസ്റ്റ് റ്റു കോസ്റ്റിന്റെ പ്രചാരണത്തിനുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്. സഭക്ക് പുറത്ത് നടത്തുന്ന ആത്മീയയുദ്ധം മാത്രമല്ലിതെന്നും സഭക്കുള്ളിലെ ആത്മീയ യുദ്ധം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ആശയക്കുഴപ്പം, വിദ്വേഷം, വിഭാഗീയത, തെറ്റിദ്ധാരണ എന്നിവ സഭക്കുള്ളില്‍ വേരോടിക്കഴിഞ്ഞുവെന്നും അതിനെതിരെ പ്രാര്‍ത്ഥന കൊണ്ട് പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

റോസറി കോസ്റ്റ് റ്റു കോസ്റ്റിനെ സൈനീകയുദ്ധമായിട്ടാണ് ഇതിന്റെ സംഘാടകര്‍ വിശേഷിപ്പിക്കുന്നത്. പരിശുദ്ധാത്മാവിന്റെ യുദ്ധകാഹളം മുഴങ്ങിക്കഴിഞ്ഞുവെന്നും 'ഞാനും ഈ യുദ്ധത്തിനുണ്ട്’ എന്ന് ഓരോ വിശ്വാസിയും പറയേണ്ട സമയമായെന്നും സംഘാടകര്‍ പറഞ്ഞു. പോളണ്ട്, അയര്‍ലണ്ട്, യുകെ, ഇറ്റലി എന്നിവിടങ്ങളിലെ ജപമാല കൂട്ടായ്മകളുടെ വിജയത്തിന്റെ ചുവടുപിടിച്ചാണ് അമേരിക്കയില്‍ റോസറി കോസ്റ്റ് റ്റു കോസ്റ്റ്” എന്ന പേരില്‍ വീണ്ടും ജപമാല കൂട്ടായ്മ സംഘടിപ്പിക്കുന്നത്.


Related Articles »