India - 2024

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ലോകജനതയെ ഒന്നിപ്പിച്ച വിശ്വപൗരന്‍: ഗവര്‍ണര്‍ സദാശിവം

സ്വന്തം ലേഖകന്‍ 01-07-2018 - Sunday

മാന്നാനം: ഭാഷയ്ക്കും ദേശത്തിനും മതത്തിനും സംസ്‌കാരത്തിനുമതീതമായി ലോകജനതയെ സ്‌നേഹത്തിന്റെ ചരടില്‍ ഒന്നിപ്പിച്ച വിശ്വപൗരനായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവം. കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഈ വര്‍ഷത്തെ ജോണ്‍ പോള്‍ രണ്ടാമന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉപാധികളില്ലാത്ത സ്‌നേഹം ലോകത്തിനു നല്‍കിയ ജോണ്‍ പോള്‍ മാര്‍പാപ്പയുടെ പേരില്‍ നല്‍കുന്ന പുരസ്‌കാരത്തിനു കാലിക പ്രസക്തിയുണ്ടെന്നും വിദ്യാഭ്യാസം കേവലം അറിവിനു വേണ്ടിയാകരുതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യസഭ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രഫ.പി ജെ കുര്യന്‍, വെല്ലൂര്‍ സ്‌നേഹദീപം പാലിയേറ്റീവ് കെയര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.ജോണി എടക്കര, കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗ് മാനേജര്‍ ഫാ.മാത്യു പായിക്കാട്ട്, മാന്നാനം കെഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജയിംസ് മുല്ലശേരി സിഎംഐ എന്നിവര്‍ക്കായിരുന്നു ഈ വര്‍ഷത്തെ അവാര്‍ഡ്. അവാര്‍ഡ് ജേതാക്കള്‍ക്കുവേണ്ടി പ്രഫ.പി ജെ കുര്യന്‍ മറുപടി പറഞ്ഞു. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനും അംഗവുമെന്ന നിലയിലുള്ള കാലാവധി അവസാനിക്കുന്ന ദിവസം ജോണ്‍ പോള്‍ മാര്‍പാപ്പയുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതിലുള്ള സന്തോഷം അദ്ദേഹം പങ്കുവച്ചു. പ്രഫ.പി.ജെ. കുര്യന്‍ അവാര്‍ഡ് തുകയായ 50,000 രൂപ ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റിനു സമ്മാനിച്ചു. തുക ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു. തോമസിനു കൈമാറി.

യോഗത്തില്‍ മന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിച്ചു. കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടറും ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളുമായ മോണ്‍.മാണി പുതിയിടം ആമുഖ പ്രഭാഷണം നടത്തി. ജോസ് കെ. മാണി എംപി, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് പി.പി. ജോസഫ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »