News - 2024

നിര്‍ധനരായ ക്രൈസ്തവരെ ലക്ഷ്യമിട്ട് ചൈനീസ് ഭരണകൂടം

സ്വന്തം ലേഖകന്‍ 08-07-2018 - Sunday

ബെയ്ജിംഗ്: ചൈനയിലെ ഹെനാൻ പ്രവിശ്യയ്ക്കു കീഴിലുള്ള ദേവാലയങ്ങളിലെ നിര്‍ധനരായ ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യം വച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം. പാവങ്ങളായ കത്തോലിക്ക വിശ്വാസികളുടെ എണ്ണവും മറ്റ് വിവരങ്ങളും നല്‍കണമെന്ന് സ്പെഷ്യൽ ഓഫീസ് ദേവാലയങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വരുമാനം കുറഞ്ഞവർക്ക് അനുവദിച്ചിരിക്കുന്ന സബ്സിഡികൾ ക്രൈസ്തവരെന്ന കാരണത്താൽ നിറുത്തലാക്കാനാണ് 'സ്പെഷ്യൽ പോജക്റ്റിലൂടെ' ഗവൺമെൻറ് നീക്കമെന്ന് സംശയിക്കപ്പെടുന്നു. ദേവാലയങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനാണെന്ന വ്യാജേനെ മത പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയുമാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നു സാൻമെന്‍ക്സിയ നഗരത്തിലെ ലുയോങ്ങ് രൂപത വൈദികൻ അഭിപ്രായപ്പെട്ടു.

വിശ്വാസ പഠന കേന്ദ്രങ്ങളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനും ശക്തമായ ലൈറ്റുകളും സ്പീക്കറുകളും ഉപയോഗിക്കുന്നതിനും അധികൃതരുടെ അനുമതി തേടണമെന്നും ദേവാലയങ്ങളിൽ ശുശ്രൂഷ ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ പ്രദർശിപ്പിക്കണമെന്നും സര്‍ക്കാര്‍ നല്‍കിയ നോട്ടീസിൽ പറയുന്നു. ദേവാലയങ്ങളിലും ശുശ്രൂഷ കേന്ദ്രങ്ങളിലും ചൈനീസ് പതാക പ്രദർശിപ്പിക്കണമെന്നും ദേശീയ ഗാനം ആലപിക്കണമെന്നും നിർദ്ദേശമുണ്ട്. ദേവാലയങ്ങളും കുരിശ് രൂപങ്ങളും തകര്‍ക്കുന്നതും ക്രൈസ്തവ വിശ്വാസ വ്യാപനം തടയുന്നതുമായ നടപടികള്‍ ചൈനയില്‍ വ്യാപകമാണ്. ക്രൈസ്തവ വിശ്വാസ വളർച്ചയ്ക്കെതിരെ നടത്തുന്ന നീക്കങ്ങൾക്കിടയിലും പത്ത് മില്യൺ കത്തോലിക്കരാണ് ചൈനയിലുള്ളത്. ആകെ ജനസംഖ്യയുടെ 10% വിശ്വാസികളും ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.


Related Articles »