News - 2025

ഏഴാം നൂറ്റാണ്ടിലെ കുരിശ് പതിച്ച ബൈസന്റൈൻ തൂക്കുകട്ടി കണ്ടെത്തി

സ്വന്തം ലേഖകന്‍ 13-07-2018 - Friday

ഹിപ്പോ: ഏഴാം നൂറ്റാണ്ടിൽ വിശുദ്ധ നാട്ടിൽ ജീവിച്ചിരുന്ന ക്രിസ്‌ത്യാനികളും മുസ്ലിം ഭരണാധികാരികളും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വെളിച്ചം വീശുന്ന കുരിശ് ആലേഖനം ചെയ്യപ്പെട്ട ബൈസന്‍റൈൻ തൂക്കകട്ടി ഗവേഷകർ കണ്ടെത്തി. ഹൈഫ യൂണിവേഴ്സിറ്റിയിലെ മെെക്കിൾ ഈസെൻബെർഗിന്റെ നേതൃത്വത്തിലുളള ഗവേഷണ സംഘം ഗലീലിയയുടെ ഭാഗമായ നഗരമായിരുന്ന ഹിപ്പോയിൽ നിന്നാണ് നിര്‍ണ്ണായകമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

ബൈസന്‍റൈൻ ദേവാലയത്തിന്റെ ഭാഗമായിരുന്ന വീഞ്ഞ് ഉത്പാദന ശാലയ്ക്കു സമീപം കണ്ടെത്തിയ തൂക്കകട്ടിയിലെ കുരിശ് കറുത്ത നിറത്തിലുള്ള ഒരു കറ കൊണ്ട് മറയ്ക്കപ്പെട്ട നിലയിലായിരുന്നു. കറ കൊണ്ട് തൂക്കുക്കട്ടയിലെ കുരിശ് മറയ്ക്കാൻ ബോധപൂർവം ആരെങ്കിലും ശ്രമിച്ചതായിരിക്കാമെന്നാണ് സംഘത്തിന്റെ നിഗമനം.

ഇസ്ളാമിക അധിനിവേശത്തിന് ശേഷം നിയന്ത്രണങ്ങളോടെ ക്രിസ്‌ത്യാനികൾ വർഷങ്ങളായി ഉപയോഗിച്ചിരുന്ന പല വസ്തുക്കളും ഉപയോഗിക്കാൻ മുസ്ലിം ഭരണാധികാരികൾ അനുവദിച്ചിരുന്നുവെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം മറ്റൊരു വാദവും ഉയര്‍ന്നിട്ടുണ്ട്. ഇസ്ലാമിക ഭരണത്തിന്റെ ആദ്യ നാളുകളിൽ ഏതാനും ക്രെെസ്തവ ദേവാലയങ്ങൾ പ്രദേശത്ത് നിലനിന്നിരുന്നതായും, ദേവാലയങ്ങളുടെ മുകളിൽ സ്ഥാപിക്കപ്പെട്ടിരുന്ന ബൃഹത്തായ കുരിശുകൾ ഒരു പ്രശ്നമായി മുസ്ലിം ഭരണാധികാരികൾ കണ്ടിരുന്നില്ലായെന്നും ഗവേഷകർ പറയുന്നു. എഡി 749-ലെ ശക്തമായ ഭൂചലനത്തിൽ ഹിപ്പോ നഗരം നാമാവശേഷമാവുകയായിരുന്നു.


Related Articles »