News - 2024

ജീവന്റെ സംരക്ഷകരാകാൻ ആഹ്വാനവുമായി ഡൊമിനിക്കൻ മെത്രാൻ സമിതി

സ്വന്തം ലേഖകന്‍ 14-07-2018 - Saturday



സാന്തോ ഡോമിംഗോ: ഭ്രൂണാവസ്ഥ മുതൽ സ്വഭാവിക മരണം വരെ ജീവന്റെ എല്ലാ അവസ്ഥകളിലും സംരക്ഷിക്കാനും ബഹുമാനിക്കാനും ആഹ്വാനവുമായി നോര്‍ത്ത് അമേരിക്കന്‍ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കില്‍ നിന്നുള്ള മെത്രാൻ സമിതി. ജൂലൈ ഒന്ന് മുതൽ ആറ് വരെ നടന്ന ദേശീയ മെത്രാൻ സമിതിയുടെ പ്ലീനറി സമ്മേളനത്തോടനുബന്ധിച്ചു ഇക്കഴിഞ്ഞ ബുധനാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ദേശീയ മെത്രാന്‍ സമിതി ഇക്കാര്യം ആഹ്വാനം ചെയ്തത്. ജീവന് വെല്ലുവിളികൾ നേരിടുന്ന ലോകത്ത് സമൂഹ മനസാക്ഷി ജീവന് മഹത്വം നല്കുവാൻ പരിശ്രമിക്കണമെന്ന്‍ മെത്രാന്‍ സമിതി വിശ്വാസ സമൂഹത്തെ ഓര്‍മ്മിപ്പിച്ചു.

ശാസ്ത്ര സാങ്കേതിക വളർച്ചയുടെ കാലഘട്ടത്തിലും ജീവൻ എടുക്കാൻ, പ്രത്യേകിച്ച് നിരാലംബരായ ഗർഭസ്ഥ ശിശുക്കളുടെ ജീവന്‍ എടുക്കാന്‍ മനുഷ്യർക്ക് അവകാശമില്ല. മനുഷ്യവകാശ സംരക്ഷണം ഉറപ്പു വരുത്തുന്ന നയങ്ങളിൽ ഗർഭസ്ഥ ശിശുക്കളെയും ഉൾപ്പെടുത്തണം. തിന്മയുടെ സ്വാധീനങ്ങൾക്കിടയിലും ദൈവത്തിന്റെ കാരുണ്യത്തിന്റെ മുഖം ലോകത്തിന് നല്കുന്നതോടൊപ്പം സുവിശേഷവത്കരണവും സഭയുടെ ദൗത്യമാണെന്നും പ്രസ്താവനയിൽ മെത്രാന്‍ സമിതി ഓര്‍മ്മിപ്പിച്ചു.

1494-ൽ ആചരിച്ച ദനഹാത്തിരുന്നാളിന്റെ അഞ്ഞൂറ്റിയിരുപ്പത്തിയഞ്ചാമത് വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ വിശ്വാസ സമൂഹം. കത്തോലിക്ക വിശ്വാസിയായ കൊളംബസിന്റെ യാത്രയിൽ ഡൊമിനിക്കൻ റിപ്പബ്ളിക് ലോകത്തിന് വെളിപ്പെടുത്തിയപ്പോൾ നടത്തിയ ദിവ്യബലിയുടെ അനുസ്മരണം കൂടിയാണ് ആഘോഷം. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനങ്ങളും തീർത്ഥാടനങ്ങളും രാജ്യത്തു നടക്കും.


Related Articles »